കൊച്ചി: സെൻസർ ചെയ്യാത്ത സിനിമകൾ ഒ.ടി.ടി പ്ളാറ്റ്ഫോമുകളിൽ പ്രദർശിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കടുവ സിനിമയുടെ ഒ.ടി.ടി റിലീസ് തടയണമെന്നാവശ്യപ്പെട്ട് പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ നിർദ്ദേശം.
തന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് സിനിമ നിർമ്മിച്ചതെന്നും തന്നെയും കുടുംബത്തെയും അവഹേളിക്കുന്ന രംഗങ്ങൾ ഇതിലുണ്ടെന്നും ചൂണ്ടിക്കാട്ടി ജോസ് നേരത്തെ നൽകിയ ഹർജിയിൽ സെൻസർ ബോർഡിനോട് ഇക്കാര്യം പരിഗണിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്ന് നായക കഥാപാത്രത്തിന്റെ 'കടുവാക്കുന്നേൽ കുറുവച്ചൻ' എന്ന പേരു മാറ്റി 'കടുവാക്കുന്നേൽ കുര്യച്ചൻ' എന്നാക്കിയാണ് ചിത്രം പ്രദർശിപ്പിച്ചത്.
വിദേശങ്ങളിൽ നായക കഥാപാത്രത്തിന്റെ പേരു മാറ്റാത്തതിനാൽ ഒ.ടി.ടി റിലീസ് തടയണമെന്നാവശ്യപ്പെട്ട് ജോസ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ചിത്രത്തിന്റെ സെൻസർ ചെയ്ത പതിപ്പു മാത്രമേ ഒ.ടി.ടിയിൽ പ്രദർശിപ്പിക്കാവൂവെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളിൽ സെൻസർ ബോർഡിന് നിയന്ത്രണമില്ലെന്ന് ബോർഡിന്റെ അഭിഭാഷകൻ വിശദീകരിച്ചതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടിയത്.