കാലടി: കാലടി എസ്.എൻ.ഡി.പി. ലൈബ്രറിയിൽ നടന്നു വരുന്ന ബുധസംഗമം സാംസ്കാരിക കൂട്ടായ്മ പതിനഞ്ചാം ആണ്ടിന്റെ നിറവിൽ.727 വ്യത്യസ്ത വിഷയങ്ങളിലായി 727 പ്രഭാഷകരാണ് 727 ബുധനാഴ്ചകളിൽ ഈ ഗ്രന്ഥശാല അങ്കണത്തിലെത്തിയത്.
പ്രശസ്ത സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, എം.കെ.സാനു, കവി രാമുണ്ണി, വൈസ് ചാൻസലർമാരായിരുന്ന കെ.എസ്.രാധാകൃഷ്ണൻ , എം.സി.ദിലീപ് കുമാർ, ഡോ. ധർമ്മരാജ് അടാട്ട്, മന്ത്രിയായിരുന്ന അഡ്വ.ജോസ് തെറ്റയിൽ എം.എൽ.എ.മാരായ അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, റോജി.എം ജോൺ, മുൻ എം.പി ഇന്നസെന്റ്,ബെന്നി ബെഹനാൻ എം.പി തുടങ്ങി നിരവധി പേർ ബുധസംഗമത്തിന്റെ ഭാഗമായി.
ലൈബ്രറി കൗൺസിൽ ഏറ്റവും നല്ല സാംസ്കാരിക പ്രവർത്തനത്തിനുള്ള സംസ്ഥാനത്തെ മികച്ച ലൈബ്രറിക്കുള്ള സമാധാനം പരമേശ്വരൻ പുരസ്കാരം ഗ്രന്ഥശാലയെ തേടിയെത്തിയിരുന്നു.എം.വി. ജയപ്രകാശിന്റെ ബുധ സംഗമ സ്മൃതികൾ എന്നിവയടക്കം ഏഴ് പുസ്തകങ്ങൾ ഈ കൂട്ടായ്മ പുറത്തിറക്കി. സോമശേഖരൻ വൈദ്യർ നേതൃത്വം നൽകി കാലടി എസ്.എൻ.ഡി.പി കെട്ടിടത്തിൽ 1945 ലാണ് ലൈബ്രറി പ്രവർത്തനം ആരംഭിച്ചത്. അഡ്വ. കെ.ബി. സാബുവാണ് ഗ്രന്ഥശാലാ പ്രസിഡന്റ്. കാലടി.എസ്. മുരളീധരനാണ് ബുധ സംഗമം കൂട്ടായ്മയുടെ ജനറൽ കൺവീനർ. ഇനിയുള്ള ബുധനാഴ്ചകളിൽ വേറിട്ട വിഷയങ്ങളുമായി വ്യതസ്തരായ പ്രഭാഷകർ ലൈബ്രറിയിലെത്തുമെന്ന് കാലടി .എസ് .മുരളീധരൻ പറഞ്ഞു.