കൊച്ചി: ഉന്നത വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവ് വിവേകപൂർവം സമൂഹനന്മയ്ക്കായി വിനിയോഗിക്കാൻ പുതുതലമുറയ്ക്ക് കഴിയണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പൊതുജനങ്ങളുടെ നികുതിപ്പണംകൊണ്ട് നേടുന്ന ഉന്നതവിദ്യാഭ്യാസം സമൂഹത്തിൽ തിന്മ വളർത്താനുള്ള ഉപാധിയാക്കരുത്. കുഫോസ് വിദ്യാർത്ഥികളുടെ ബിരുദാനചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏഴ് ഡോക്ടറൽ ബിരുദങ്ങളുൾപ്പെടെ 435 വിദ്യാർത്ഥികൾക്ക് ഗവർണർ ബിരുദങ്ങൾ സമ്മാനിച്ചു. ബിരുദസമർപ്പണത്തിന് മുന്നോടിയായി വിദ്യാർത്ഥികൾ രേഖാമൂലം നൽകിയ സ്ത്രീധനവിരുദ്ധ പ്രതിജ്ഞ കുഫോസ് വൈസ് ചാൻസലർ ഡോ.കെ. റിജി ജോൺ ഗവർണർക്ക് കൈമാറി. ഫിഷറീസ് മന്ത്രിയും കുഫോസ് പ്രോ ചാൻസലറുമായ വി. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. പോരായ്മകളെല്ലാം പരിഹരിച്ച് ഫിഷറീസ് സമുദ്രശാസ്ത്ര പഠനമേഖലയിലെ ലോകത്തിലെതന്നെ മികച്ച കേന്ദ്രങ്ങളിലൊന്നായി കുഫോസിനെ മാറ്റുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.എ. ഗോപാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. രജിസ്ട്രാർ ഡോ.ബി. മനോജ്കുമാർ, പരീക്ഷാകൺട്രോളർ ഡോ. സുഭാഷ്ചന്ദ്രൻ എന്നിവർ സംസാരിച്ചു.