
കൊച്ചി: എ. രാജ എം.എൽ.എക്കെതിരായ തിരഞ്ഞെടുപ്പു ഹർജിയിൽ അദ്ദേഹത്തിന്റെ ജാതി വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാൻ സി.എസ്.ഐ കൊച്ചി മഹായിടവക ബിഷപ്പ് ബേക്കർ നൈനാൻ ഫെന്നിന് ഹൈക്കോടതി നിർദ്ദേശം. പട്ടികജാതി സംവരണമുള്ള ദേവികുളം മണ്ഡലത്തിൽ ക്രൈസ്തവ സഭാംഗമായ എ. രാജ വ്യാജ ജാതിസർട്ടിഫിക്കറ്റ് നേടി മത്സരിച്ചെന്നാരോപിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി ഡി. കുമാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി. സോമരാജന്റെ നിർദ്ദേശം.
സി.എസ്.ഐ സഭയുടെ ഫാമിലി രജിസ്റ്റർ, മാമോദിസ രജിസ്റ്റർ, ശവസംസ്കാര രജിസ്റ്റർ എന്നിവ ബിഷപ്പോ അദ്ദേഹത്തിന്റെ പ്രതിനിധിയോ ആഗസ്റ്റ് പത്തിന് ഹാജരാക്കണം. ഹർജി ആഗസ്റ്റ് 17നു വീണ്ടും പരിഗണിക്കും.
ക്രിസ്തുമത വിശ്വാസികളായ ആന്റണിയുടെയും എസ്തറിന്റെയും മകനായ രാജയും കുടുംബവും ക്രിസ്തുമത വിശ്വാസികളാണെന്നും ഇവർ പട്ടികജാതിക്കാരല്ലെന്നുമാണ് ഡി. കുമാറിന്റെ വാദം. ഇത് തെളിയിക്കാൻ യെല്ലപ്പെട്ടി സി.എസ്.ഐ ചർച്ചിലെ പാസ്റ്ററോട് മാമോദിസ രജിസ്റ്റർ ഹാജരാക്കാൻ നിർദ്ദേശിച്ചിരുന്നു. ക്രമനമ്പർ 2216 മുതലുള്ളവരുടെ വിവരങ്ങളാണ് രജിസ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിനു മുമ്പുള്ള വിവരങ്ങൾ തനിക്കറിയില്ലെന്നായിരുന്നു പാസ്റ്ററുടെ മറുപടി. തുടർന്ന് ഇത്തരം രജിസ്റ്ററുകളുടെ കസ്റ്റോഡിയൻ സി.എസ്.ഐ കൊച്ചി മഹായിടവകയുടെ ബിഷപ്പാണെന്നും രേഖകൾ ഹാജരാക്കാൻ അദ്ദേഹത്തിന് സമൻസ് നൽകണമെന്നും ഹർജിക്കാരൻ ഉപഹർജി നൽകുകയായിരുന്നു.