കൊച്ചി: വിശാലകൊച്ചി മേഖലകളെ ബന്ധിപ്പിക്കുന്ന റിംഗ് റോഡ് പദ്ധതി എട്ടുവരിയായി നടപ്പാക്കാൻ പുതിയ വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കുമെന്ന് ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള പറഞ്ഞു.

കൊച്ചി നഗരം കിഴക്കോട്ടും വടക്കോട്ടും വളരുന്ന സാഹചര്യത്തിൽ റിംഗ് റോഡിന് പ്രാധാന്യം വർദ്ധിച്ചു. മാസ്റ്റർ പ്ളാൻ തയ്യാറാക്കണം. ദേശീയ പാത അതോറിറ്റി ഉൾപ്പെടെ ഏജൻസികളുടെ പിന്തുണ ആവശ്യമാണ്. പുതിയ പദ്ധതി റിപ്പോർട്ട് നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ ജി.സി.ഡി.എയ്ക്ക് നേരിട്ട് ഇടപെടാൻ കഴിയില്ല. ബന്ധപ്പെട്ട ഏജൻസികളെ ഏകോപിപ്പിക്കാനും സാങ്കേതിക സഹായംങ്ങൾ നൽകാനും തയ്യാറാണ്.

പരിസ്ഥിതിക്ക് ദോഷമായ ഖര, ജല, സീവേജ് മാലിന്യങ്ങൾ സംസ്കരിക്കാൻ മെഗാ വേസ്റ്റ് മാനേജ്മെന്റ് സംവിധാനം സ്ഥാപിക്കുന്നത് പരിഗണനയിലാണ്. സർക്കാർ അനുമതിക്ക് ശ്രമിക്കുകയാണ്. നിലവിലെ മാലിന്യം കൈകാര്യം ചെയ്യൽ സംവിധാനങ്ങൾ പരാജയമായത് വിലയിരുത്തിയാണ് ജി.സി.ഡി.എയുടെ പദ്ധതി.

മറൈൻഡ്രൈവിൽ മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം നിർമ്മിക്കും. ഒരു മാസത്തിനകം നിർമ്മാണം ആരംഭിക്കും. ഉരുക്ക് ഉപയോഗിച്ചാണ് നിർമ്മാണം. 20 കോടി രൂപയാണ് ചെലവ്.

കൊച്ചിയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് ബി.സി.സി.ഐ സമ്മതം അറിയിച്ചിട്ടുണ്ട്. സ്ഥലം നൽകാൻ താത്പര്യം ചോദിച്ച് ജി.സി.ഡി.എ നൽകിയ പരസ്യത്തിന് പ്രതികരണം ലഭിച്ചു. ഉചിതമായ സ്ഥലം ബി.സി.സി.ഐ തിരഞ്ഞെടുക്കും. 540 കോടി രൂപ ചെലവിലാകും സ്റ്റേഡിയം നിർമ്മിക്കുക.

കൊച്ചിയിൽ ഫിലിം സിറ്റി നിർമ്മിക്കുന്നതിന് ഉചിതമായ 100 ഏക്കർ സ്ഥലം തിരയുകയാണ്. 35 കോടി രൂപയുടെ നിക്ഷേപം കോർപ്പറേഷൻ ഇതിനായി മുടക്കും. നഗരവികസനം സംബന്ധിച്ച് വിവിധ വികസന അതോറിട്ടികൾ പങ്കെടുക്കുന്ന നാഷണൽ അർബൻ കോൺക്ളേവ് സെപ്തംബർ ഒന്ന്, രണ്ട് തിയതികളിൽ സംഘടിപ്പിക്കും.