
കൊച്ചി: പി.എസ്.സിയുടെ അഡ്വൈസ് മെമ്മോ ലഭിച്ചവർക്ക് നിയമനം നിഷേധിക്കാനാവില്ലെന്ന സിംഗിൾ ബെഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷനിലെ (കെ.എഫ്.ഡി.സി) കോൺഫിഡൻഷ്യൽ അസി. ഗ്രേഡ് - രണ്ട് തസ്‌തികയിലേക്ക് നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ചവർക്ക് നിയമനം നൽകാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ശരിവച്ചത്. അഡ്വൈസ് മെമ്മോ ലഭിച്ച കൊട്ടാരക്കര സ്വദേശി കെ.ജി. അഞ്ജുകൃഷ്ണൻ, കണ്ണൂർ സ്വദേശി നിവ്യ ശ്രീശൻ, എറണാകുളം സ്വദേശി ഫിലോമിന മിനി, കോഴിക്കോട് സ്വദേശി ത്സാൻസി റാണി, എറണാകുളം ഞാറയ്ക്കൽ സ്വദേശി കെ.വി. സുനിത എന്നിവർക്ക് നിയമനം നൽകാനായിരുന്നു സിംഗിൾബെഞ്ച് ഉത്തരവ്. ഇതിനെതിരെ കെ.എഫ്.ഡി.സി നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്.