മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ ജനകീയാസൂത്രണ ഓഫീസിൽ വനിതാ കൗൺസിലർമാർ ഏറ്റുമുട്ടി. മൂന്നുപേർക്ക് പരിക്ക്. നഗരസഭയിലെ വൈസ് ചെയർപേഴ്സൺ സിനിബിജു, കോൺഗ്രസ് കൗൺസിലർ ജോയ്സ് മേരി, കോൺഗ്രസ് വിമത കൗൺസിലർ പ്രമീള ഗിരീഷ്‌കുമാർ എന്നിവർ തമ്മിലാണ് ഏറ്റുമുട്ടിയത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം.
നഗരസഭയിൽ ബി.ജെ.പി പിന്തുണയോടെ ജയിച്ച സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജശ്രീ രാജുവിനെ കഴിഞ്ഞദിവസം പ്രമീള ഗിരീഷ്‌കുമാറിന്റെ നേതൃത്വത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു. ഇതേത്തുടർന്ന് നഗരസഭയിൽവച്ച് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിനെ തുടർച്ചയായിട്ടായിരുന്നു ഇന്നലത്തെ സംഘർഷവും.
നഗരസഭയിലെ ജനകീയാസൂത്രണ ഓഫീസിൽ ഇരിക്കുകയായിരുന്ന തന്നെ ഇവിടെവെച്ച് വൈസ് ചെയർപേഴ്സൺ സിനി ബിജുവും കൗൺസിലർ ജോയ്സ് മേരിയും കൂടി വാതിലടച്ചശേഷം മർദ്ദിക്കുകയും മുടി കത്രികയ്ക്ക് മുറിക്കുകയുമായിരുന്നുവെന്നാണ് പ്രമീളയുടെ ആരോപണം. മുഖത്തും ദേഹത്തും മുറിവേറ്റപാടുകളോടെ രക്തത്തിൽകുളിച്ചുകിടന്ന പ്രമീളയെ മറ്റ് കൗൺസിലർമാർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ജനകീയാസൂത്രണ ഓഫീസിൽ രക്തവും മുടിയും വീണുകിടക്കുന്നുണ്ട്. ഇൗ സമയം ജീവനക്കാർ മുറിയിലില്ലാതിരുന്നതും ദുരൂഹമാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. നഗരസഭയിൽ തന്നെ കയറ്റില്ലെന്നും വന്നാൽ കൈകാര്യംചെയ്യുമെന്നും ഭീഷണി ഉണ്ടായിരുന്നതായി പ്രമീള പറഞ്ഞു.
നടന്നത് നാടകമെന്ന് ആരോപണവിധേയർ
എന്നാൽ പ്രമീളയുടെ നാടകമാണ് നടന്നതെന്ന് സിനിബിജുവും ജോയ്സ് മേരിയും പറഞ്ഞു. ജനകീയാസൂത്രണ ഓഫീസിൽ ഇരുന്ന പ്രമീള ഗിരീഷ്‌കുമാർ സംസാരിക്കണമെന്ന് പറഞ്ഞ് തങ്ങളെ വിളിച്ചുവരുത്തുകയായിരുന്നു. സംസാരിക്കുവാൻ താത്പര്യമില്ലായെന്ന് പറഞ്ഞപ്പോൾ ഓഫീസിലേക്ക് നിർബ്ബന്ധിച്ച് വിളിച്ചുകയറ്റുകയായിരുന്നുവെന്നും കേറിയ ഉടനെ വാതിലടച്ചു. തുടർന്ന് സിനിബിജുവിനെ മർദ്ദിക്കുകയും ഇരുവരേയും പിടിച്ചുമാറ്റിയപ്പോൾ തന്നേയും മർദ്ദിച്ചുവെന്നും ജോയ്സ് മേരി പറഞ്ഞു. ഇരുവരും മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്ററിൽ ചികിത്സ തേടി.
കുത്തിയിരുപ്പ് പ്രതിഷേധവുമായി പ്രതിപക്ഷം
പ്രമീള ഗിരീഷ് കുമാറിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇടതുപക്ഷ കൗൺസിലർമാർ നഗരസഭ കവാടത്തിനുമുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ആർ. രാഗേഷ്, കെ.ജി. അനിൽകുമാർ, പി.എം. സലിം, നിഷ അഷറഫ്, ഫൗസിയ അലി, മീര കൃഷ്ണൻ, നജില ഷാജി, ജാഫർ സാദിക്ക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സി.പി.എം ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, എൽ.ഡി.എഫ് കൺവീനർ എൻ. അരുൺ, നേതാക്കളായ സജി ജോർജ്, കെ.എൻ. ജയപ്രകാശ്, ലോക്കൽ സെക്രട്ടറി പി.എം. ഇബ്രാഹിം, പി.ബി. ശ്രീരാജ്, കെ.പി. അലികുഞ്ഞ് എന്നിവർ സംസാരിച്ചു. നഗരസഭയിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ച് പൊലീസ് തടയാൻ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി. പൊലീസ് വലയം ഭേദിച്ച് പ്രവർത്തകർ നഗരസഭയിലേക്ക് തള്ളിക്കയറി. ഡിവൈ.എസ്.പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.