പെരുമ്പാവൂർ: മലയോര ഹൈവേയുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ ഭൂവുടമകളുടെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംയുക്തയോഗം നടന്നു. കൂവപ്പടി ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് മിനി ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലത്തിലെ കൂവപ്പടി പഞ്ചായത്തിലെ അഭയാരണ്യം വഴി ചെട്ടിനടയിലൂടെ പാണംകുഴി വഴി കുറ്റിക്കുഴി വരെ എത്തുന്നതാണ് നിർദ്ദിഷ്ട റോഡ്. തുടർന്ന് കോതമംഗലം മണ്ഡലത്തിലൂടെ ഹൈവേ കടന്നുപോകും. 12 മീറ്റർ വീതിയിലാണ് ഹൈവേ. നിലവിലെ റോഡിന് ഇരു വശങ്ങളിൽ നിന്ന് സർക്കാർ ഭൂമി ഏറ്റെടുക്കും. ഭൂമി ഏറ്റെടുക്കുമ്പോൾ മതിൽ, കിണർ, കെട്ടിട നിർമ്മിതികൾ എന്നിവയ്ക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യം ഉറപ്പുവരുത്തും. കൂടാതെ നാല് സെന്റ് സ്ഥലത്തിൽ കുറവുള്ള വ്യക്തികൾക്ക് വീട് നഷ്ടപ്പെടുകയാണെങ്കിൽ അവരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കും.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, ബ്ലോക്ക് അംഗം അനു അബീഷ്, വാർഡ് അംഗങ്ങളായ മായാ കൃഷ്ണകുമാർ, സിനി എൽദോ, എൽദോ പാത്തിക്കൽ,​ കെ.ആർ. എഫ്.ബി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ മാത്സൺ മാത്യു, പ്രോജക്ട് എൻജിനിയർ അനിൽ, അഭയാരണ്യം മുതൽ ചെട്ടിനട പള്ളിപ്പടി വരെയുള്ള ഭൂവുടമകൾ തുടങ്ങിയവർ പങ്കെടുത്തു.