pralayam

മൂവാറ്റുപുഴ: കനത്ത മഴ ജില്ലയുടെ കിഴക്കൻ മേഖലയിൽ ദുരിതംവിതയ്ക്കുന്നത് തുടരുന്നു. മൂവാറ്റുപുഴ,​ കോതമംഗലം എന്നിവയടക്കം വിവിധ പ്രദേശങ്ങൾ മഴക്കെടുതിയിലാണ്. പലയിടങ്ങളിലും വ്യാപക കൃഷിനാശമുണ്ടായി. ഗതാഗത തടസവും തുടരുന്നു. മഴ ശമിച്ചില്ലെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

വെള്ളപ്പൊക്ക ഭീതിയിൽ മൂവാറ്റുപുഴ നഗരം. കനത്ത മഴയെത്തുടർന്ന് ഇന്നലെ രാവിലെ മുതൽ മൂവാറ്റുപുഴയാറ്റിൽ വീണ്ടു ജലനിരപ്പ് ഉയർന്നു. വൈകിട്ടോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

മലങ്കര ഡാമിന്റെ ഷട്ടറുകൾ 100 ൽ നിന്ന് 120 സെന്റീമീറ്ററിലേക്ക് ഉയർത്തിയതാണ് പൊടുന്നനെ ജലനിരപ്പ് ഉയരാൻ കാരണം. ചൊവ്വാഴ്ച പുലർച്ചെ കയറിയ വെള്ളം ബുധനാഴ്ച വൈകിട്ട് ഇറങ്ങിത്തുടങ്ങിയെങ്കിലും ഇന്നലെ ഉച്ചയോടെ വീണ്ടും തിരിച്ചുകയറിയത് വ്യാപാര മേഖലയിലടക്കം ആശങ്ക സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ദിവസത്തേക്കാൾ ജലനിരപ്പ് ഉയരുമെന്ന പ്രചരണമുണ്ടായതോടെ വ്യാപാര മേഖലയായ കാവുംകരയിൽ നിന്ന് ചരക്കുകൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള ഒരുക്കത്തിലാണ് കച്ചവടക്കാർ. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ഇടറോഡുകളിലും വെള്ളം കയറിക്കഴിഞ്ഞു. ബുധനാഴ്ച വൈകിട്ട് വെള്ളം ഇറങ്ങിയ ഇലാഹിയ കോളനി, കാള ച്ചന്ത, കൊച്ചങ്ങാടി, ആനികാക്കൂടി കോളനി, പെരുമറ്റം വാലടിത്തണ്ട്, കൂൾമാരി, കുര്യൻമല, പള്ളിക്കാവ്റോഡ്, മുറിക്കൽ, കുര്യൻ മലത്താഴം തുടങ്ങിയ സ്ഥലങ്ങളിൽ വീണ്ടും വെള്ളം കയറി. തൃക്ക, ആനച്ചാൽ റോഡുകളിലും വെള്ളംകയറി. ഹോമിയോ ആശുപത്രിയുടെ താഴത്തെനില, പുഴയോര നടപ്പാത, ആനിക്കാകുടി റോഡ്, ഇലാഹിയ റോഡ്, ആനച്ചാൽറോഡ്, കോൾമാരി, കോളനികളിലേക്കുൾപ്പെടെയുള്ള ഇട റോഡുകളെല്ലാം വെള്ളത്തിനടിയിലായി. തൊടുപുഴയാറിന് പുറമെ കാളിയാർ, കോതമംഗലം പുഴകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം തുറന്ന നാല് ദുരിതാശ്വാസ ക്യാമ്പുകൾക്ക് പുറമെ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് റവന്യൂ വകുപ്പ്. അന്യസംസ്ഥാന തൊഴിലാളികളടക്കം 200 ഓളം പേർ ഇപ്പോഴും നാല് ക്യാമ്പുകളിലായി കഴിയുന്നുണ്ട്.