പറവൂർ: ശക്തമായ കുത്തൊഴുക്കിൽ കിഴക്കൻമേഖലയിൽ നിന്ന് ചാലക്കുടിയാറിലൂടെ ഒഴുകി കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറിൽ തടഞ്ഞ വൻമരംഫയർഫോഴ്സ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ നീക്കി. ബുധനാഴ്ച രാത്രിയാണ് മരം ഷട്ടറിൽ കുടുങ്ങിയത്. തുറന്നുവെച്ചിരുന്ന ഷട്ടറിൽ നിന്ന് വെള്ളം പുറത്തേക്ക് പോകുന്നതിന് ഇത് തടസമായി. ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഫയർഫോഴ്സുകാർ അതിസാഹസികമായി കയറിലൂടെ ഇറങ്ങി മരംനീക്കംചെയ്യാൻ നടത്തിയ ശ്രമം ഫലംകണ്ടില്ല. കയറിൽ ബന്ധിച്ച് മരം ഒരു വശത്തേക്ക് നീക്കുവാനായിരുന്നു ശ്രമം. പിന്നീട് ക്രെയിനിന്റെ സഹായത്തോടെ കയറിൽ പുഴയിലേക്ക് ഇറങ്ങിയാണ് മരം നീക്കംചെയ്തത്.