court

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റി. കേസിലെ കക്ഷികൾ ആഗസ്റ്റ് ആറിന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. എറണാകുളം സ്പെഷ്യൽ അഡി. സെഷൻസ് കോടതിയിൽ നടന്നുവന്ന വിചാരണ ജഡ്‌ജി ഹണി എം. വർഗീസ് ഈ കോടതിയുടെ ചുമതല ഒഴിഞ്ഞ് പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയായ സാഹചര്യത്തിലാണ് അവിടേക്ക് മാറ്റുന്നത്. എറണാകുളം സ്പെഷ്യൽ അഡി. സെഷൻസ് കോടതിയിൽ പുതിയ ജഡ്ജിയെ നിയമിച്ച സാഹചര്യത്തിൽ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി ഓഫീസ് മെമ്മോറാണ്ടത്തിലൂടെ അനുമതി നൽകിയിരുന്നു.

 വിചാരണക്കോടതിക്കെതിരെ അതിജീവിത

വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റുന്നതിനെതിരെ അതിജീവിത ഹൈക്കോടതിയിലെ ജുഡിഷ്യറി രജിസ്ട്രാർക്ക് നൽകിയ അപേക്ഷ രജിസ്ട്രാർ ജനറലിന് കൈമാറി. അപേക്ഷ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി പരിഗണിക്കുമെന്നാണ് സൂചന. ഹണി എം. വർഗീസിന്റെ കോടതിയിൽ നിന്നു വിചാരണ മാറ്റണമെന്നും നിലവിലെ വിചാരണ നടപടികളിൽ തൃപ്തയല്ലെന്നും ചൂണ്ടിക്കാട്ടി അതിജീവിത ആഗസ്റ്റ് രണ്ടിനാണ് ഇ-മെയിലിൽ അപേക്ഷ നൽകിയത്. വനിതാ ജഡ്‌ജി വിചാരണ നടത്തണമെന്നാണ് ആഗ്രഹമെങ്കിലും പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്ന് അപേക്ഷയിൽ പറയുന്നു.

കോടതി മാറ്റം നിയമപ്രശ്നമായി ഉന്നയിക്കാൻ പ്രോസിക്യൂഷനും തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സ്പെഷ്യൽ അഡി. സെഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റിയതെന്നും വീണ്ടും വിചാരണ മാറ്റാൻ ഹൈക്കോടതിയുടെ ജുഡിഷ്യൽ ഉത്തരവു വേണമെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്.