
പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകൾ കളക്ടർ രേണുരാജ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കുത്തിയതോട് സെന്റ. ഫ്രാൻസിസ് എൽ.പി സ്കൂൾ, ചാലാക്ക ഗവ. എൽ.പി സ്കൂൾ, ഇളന്തിക്കര ഗവ. യു.പി സ്കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് ഇന്നലെ ഉച്ചയോടെ കളക്ടർ സന്ദർശിച്ചത്.
തഹസിൽദാർ കെ.എൻ. അംബിക, ഡെപ്യൂട്ടി തഹസിൽദാർമാരായ ടി.എഫ്. ജോസഫ്, ടി.ആർ. സംഗീത്, വില്ലേജ് ഓഫീസർ മാർട്ടിൻ സി. അഗസ്റ്റിൻ എന്നിവർ കളക്ടറോടൊപ്പമുണ്ടായിരുന്നു. പറവൂർ താലൂക്കിൽ ഏറ്റവും കൂടുതൽ പേർ ക്യാമ്പുകളിൽ കഴിയുന്നത് പുത്തൻവേലിക്കരയിലാണ്. ദുരിതബാധിതരും ഇവിടെയാണ് കുടുതൽ.
ബുധനാഴ്ച 150 ഓളം കുടുംബങ്ങളിലാണ് വെള്ളം കയറിയതെങ്കിൽ ഇന്നലെ അത് ഇരുന്നൂറിനടുത്തായി. പെരിങ്ങൾ കുത്ത്, ഷോളയാർ ഡാമുകളിൽ നിന്നും വെള്ളം തുറന്നവിട്ടതാണ് ചാലക്കുടിയാറിന്റെ തീരത്തുള്ള പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ കാരണമായത്. ഇന്നലെ പറമ്പിക്കുളത്തു നിന്ന് വെള്ളം വിട്ടുതുടങ്ങിയതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി. ചെറുകടപ്പുറം, തെനപ്പുറം, കോഴിത്തുരുത്ത്, പായിത്തുരുത്ത്, വെള്ളാങ്കണ്ണി കോളനി, കുത്തിയതോട് ഭാഗങ്ങളിൽ വെള്ളം ഉയർന്ന് കൊണ്ടിരിക്കുകയാണ്. രാത്രി കൂടുതൽ വെള്ളമെത്തുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
2018ലെ പ്രളയകാലത്ത് മാറി താമസിച്ചവർ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറെടുക്കണമെന്ന് അറിയിച്ചിട്ടുണ്ട്. തഹസിൽദാറും ഡെപ്യൂട്ടി തഹസിൽദാറും വില്ലേജ് ഓഫീസറും അടക്കമുള്ളവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. താലൂക്കിലെ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകളിൽ ഒന്ന് ഇന്നലെ അടച്ചു. ഏലൂരിലെ ഫാക്ട് ഇസ്റ്റേൺ യു.പി സ്കൂളിലെ ക്യാമ്പാണ് നിറുത്തിയത്. ചേന്ദമംഗലം പഞ്ചായത്തിൽ പെരിയാറിന് സമീപത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്ന് സംഗമിത്ര ഹാളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിലും പുത്തൻവേലിക്കരയിലെ ക്യാമ്പുകളിലും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു. പുത്തൻവേലിക്കര പഞ്ചായത്ത് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഫോൺ: 9495918568.