വൈപ്പിൻ: പള്ളിപ്പുറം വിവിധോദ്ദേശ ചുഴലിക്കാറ്റ് അഭയകേന്ദ്രം റവന്യൂമന്ത്രി അഡ്വ. കെ. രാജൻ നാടിന് സമർപ്പിച്ചു. പ്രകൃതി ദുരന്തങ്ങളിൽ വൈപ്പിനിലെ തീരദേശജനതയ്ക്ക് ചുഴലിക്കാറ്റ് അഭയകേന്ദ്രം വലിയ കൈത്താങ്ങായി മാറുമെന്ന് മന്ത്രി പറഞ്ഞു.പ്രകൃതി ദുരന്തങ്ങൾ എപ്പോഴും നേരിടേണ്ടി വരുന്ന ജനതയാണ് തീരദേശവാസികളെന്നും ഇത്തരം ദുരന്തങ്ങളെ ലഘൂകരിക്കാനും അഭയമേകാനുമായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതി പ്രകാരമാണ് പള്ളിപ്പുറത്ത് അഭയകേന്ദ്രം നിർമിച്ചത്. സംസ്ഥാനത്തെ ഒമ്പത് തീരജില്ലകളിലാണ് അഭയകേന്ദ്രങ്ങൾ ഒരുങ്ങുന്നത്. ഇവ പൂർത്തിയായതിനു ശേഷം എല്ലാ കേന്ദ്രങ്ങളെയും സംയോജിപ്പിച്ച് ദുരന്തനിവാരണ അതോറിട്ടിയുടെ കീഴിൽ ഒരു സമിതിക്ക് രൂപം നൽകും.
സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അഞ്ച് കോടി പതിനേഴ് ലക്ഷം രൂപ ചെലവഴിച്ചാണ് പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ മൂന്നു നിലകളിലായി വിവിധോദ്ദേശ ചുഴലിക്കാറ്റ് അഭയകേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ദേശീയ ചുഴലിക്കാറ്റ് അപകടസാദ്ധ്യതലഘൂകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവിടെ അഭയകേന്ദ്രം ഒരുക്കിയിരിക്കുന്നത്.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. രേണു രാജ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാൻ, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ് അക്ബർ, കൊച്ചി തഹസിൽദാർ സുനിത ജേക്കബ്, പൊതുമരാമത്ത് അസി. എൻജിനിയർ സുര, എ.പി. പ്രിനിൽ എന്നിവർ പങ്കെടുത്തു.