ആലുവ: ജാതിഭേദമില്ലാതെ തന്ത്രവിദ്യകളും പൂജകളും പഠിപ്പിച്ച അഴകത്തിന്റെ സംഭാവന വിസ്മരിക്കാനാകാത്തതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. താന്ത്രിക പണ്ഡിതനും ആലുവ തന്ത്രവിദ്യാപീഠം പ്രസിഡന്റുമായ അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടിനെ ആലുവ വിശ്വാമിത്ര തന്ത്രവിദ്യാപീഠത്തിന്റെ നേതൃത്വത്തിൽ ആദരിക്കുന്ന 'ഗുരുവന്ദനം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. നേടിയെടുത്ത അറിവ് ഉള്ളിൽ തളച്ചിടാതെ മറ്റുള്ളവർക്ക് പകർന്ന് കൊടുക്കാനാണ് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് ശ്രമിച്ചത്. എല്ലാവർക്കുമായി അറിവിന്റെ ജാലകം അദ്ദേഹം തുറന്നിട്ടു. മാധവ്ജിയെപ്പോലെ വിശാലചിന്തയാണ് അഴകത്തും പിന്തുടർന്നത്. പാലിയം വിളംബരത്തിന്റെ സന്ദേശം ഉൾക്കൊണ്ട് പ്രവർത്തിക്കാനായി. അഴകത്തിന്റെ കീഴിൽ തന്ത്രങ്ങളും പൂജകളും പഠിച്ച നിരവധി അബ്രാഹ്മണർ വിവിധ ക്ഷേത്രങ്ങളിൽ പൂജചെയ്യുന്നുണ്ട്. മഹത്തായ മൂല്യങ്ങൾ ലോകത്ത് എവിടെ ഉണ്ടായാലും അത് ഇരുകൈയുംനീട്ടി സ്വീകരിക്കുകയെന്നതാണ് ഭാരതീയ സംസ്കാരമെന്നും ഗവർണർ പറഞ്ഞു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. ഗോവിന്ദ് ഭരതൻ അദ്ധ്യക്ഷത വഹിച്ചു.
ഏഷ്യാനെറ്റ് എക്‌സിക്യുട്ടീവ് ഡയറക്ടർ എം.എസ്. കിഷൻകുമാർ, ആലുവ തന്ത്രവിദ്യാപീഠം വർക്കിംഗ് പ്രസിഡന്റ് മുല്ലപ്പിള്ളി കൃഷ്ണൻ നമ്പൂതിരിപ്പാട്, ഡോ. മനോജ് എസ്. പണിക്കർ, ആലുവ വിശ്വാമിത്ര തന്ത്രവിദ്യാപീഠം പ്രിൻസിപ്പൽ ഹരിഹരസുതൻ തന്ത്രി എന്നിവർ പ്രസംഗിച്ചു. അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടിനെ ഗവർണർ ഉപഹാരം നൽകി ആദരിച്ചു. അദ്ദേഹം മറുപടിപ്രസംഗം നടത്തി.
പത്തുവർഷംമുമ്പ് അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടിന് വൃക്ക ദാനംചെയ്ത കൊല്ലം സ്വദേശിനി അജിഷമോളെ ഗവർണർ ഉപഹാരം നൽകി ആദരിച്ചു. ടി.പി. സൗമിത്രൻ തന്ത്രി സ്വാഗതവും വിശ്വാമിത്ര തന്ത്രവിദ്യാപീഠം ചെയർമാൻ ഡോ. വൈശാഖ് സൗമിത്രൻ നന്ദിയും പറഞ്ഞു.