മൂവാറ്റുപുഴ: നഗരസഭാ ഓഫീസിനുനേരെ ആക്രമണം നടത്തുകയും ഓഫീസ് ഉപകരണങ്ങൾ തകർക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് ആവശ്യപ്പെട്ടു. പൊലീസ് സേനയെ തള്ളിയിട്ട് ഓഫീസിൽ കയറിയവർ കസേരകളും നെയിംബോർഡുകളും മറ്റ് ഓഫീസ് സാമഗ്രികളും തകർത്ത് താണ്ഡവമാടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ലഭ്യമാണ്. അക്രമം നടത്തിയവരെ ഇവ പരിശോധിച്ച് അറസ്റ്റ് ചെയ്യണം. ജനാധിപത്യത്തെ കച്ചവടവത്കരിക്കാനാണ് ഇടതുപക്ഷമുന്നണി ശ്രമിക്കുന്നത്. ജനാധിപത്യത്തെ സംരക്ഷിക്കാൻ യു.ഡി.എഫ് ഏതറ്റം വരെയും മുന്നോട്ടുപോകും. നഗരസഭാ കൗൺസിലിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. യു.ഡി.എഫിലെ കാര്യങ്ങൾ നോക്കാൻ സി.പി.എം മെനക്കെടേണ്ടതില്ല. യു.ഡി.എഫിൽ വിള്ളലുണ്ടാക്കി അധികാരം നേടാമെന്ന കൊതിയാണ് സി.പി.എമ്മിനും ഇടത് മുന്നണിക്കും. കള്ളക്കേസുണ്ടാക്കി കൗൺസിലർമാരെ കുടുക്കാമെന്ന വ്യാമോഹം നടക്കില്ലെന്നും പി.പി. എൽദോസ് പറഞ്ഞു.