ആലങ്ങാട്: ചാലക്കുടിപ്പുഴ പെരിയാറുമായി ചേരുന്ന മാട്ടുപുറം പ്രളയ ഭീതിയിൽ. ഷോളയാർ ഡാം തുറന്നതിനേ തുടർന്ന് ചാലക്കുടിപ്പുഴയിലുണ്ടായ നീരൊഴുക്ക് മാട്ടുപുറം പ്രദേശത്തെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. മാഞ്ഞാലി പുഴയും കരയും ഒരേനിരപ്പിലായതിനാൽ നിമിഷ വേഗത്തിലാണ് ഇവിടെ വെള്ളം കയറുന്നത്. പടിഞ്ഞാറേ മാട്ടുപുറത്ത് 15 വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ടു. ഇവരെ മാറ്റാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. മാഞ്ഞാലി സ്‌കൂളിലാണ് ഇവർക്കായി ക്യാമ്പ് ഒരുക്കിയിട്ടുള്ളത്.
മനയ്ക്കപ്പടി മുറിയാക്കലിലും അഞ്ച് വീട്ടുകാർ മാറിത്താമസിക്കേണ്ട സാഹചര്യത്തിലുണ്ട്. തട്ടാംപടി സ്‌കൂളിലും ക്യാമ്പ് സജ്ജമാക്കിയിട്ടുണ്ട്. പുറപ്പിള്ളിക്കാവ് ബണ്ടിന്റെ മുഴുവൻ ഷട്ടറുകളും ഉയർത്തിയിട്ടും തീരങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. പുറപ്പിള്ളിക്കാവ് റോഡ് വെള്ളത്തിലാണ്. വെളിയത്തുനാട്, തടിക്കക്കടവ് മേഖലകളിൽ കൃഷിയിടങ്ങൾ വെള്ളത്തിലായി. ഓണ വിപണിയിലേക്കുള്ള ഏത്തവാഴകളാണ് വെള്ളം കയറി നശിക്കുന്നത്. കോട്ടപ്പുറം മാമ്പ്രയിലും ഇടത്തോടുകൾ നിറങ്ങുകൊണ്ടിരിക്കുകയാണ്. അവിടെയുളളവർക്കായി കോട്ടപ്പുറം സർക്കാർ എൽ.പി.സ്‌കൂളിൽ ക്യാമ്പിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.