rain

കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ കനത്തതോടെ ജില്ല അതീവ ജാഗ്രതയിൽ. വ്യാഴാഴ്ച പുലർച്ചെ മുതൽ പെയ്ത കനത്ത മഴയിൽ ജില്ലയിലെ അണക്കെട്ടുകൾ ഉൾപ്പെടയുള്ള ജലാശയങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. പെരിയാറിൽ മാർത്താണ്ഡവർമ്മ, മഗലപ്പുഴ, കാലടി എന്നിവിടങ്ങളിലും മുവാറ്റുപുഴയാറിലും ജലനിരപ്പ് വർദ്ധിച്ചു. ഇരുനദികളിലെയും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്.

ഭൂതത്താൻകെട്ട്, ഇടമലയാർ, പെരിങ്ങൽക്കുത്ത്, മലങ്കര അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിച്ചുവരികയാണെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം അധികൃതർ കേരളകൗമുദിയോട് പറഞ്ഞു.

ജില്ലയിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കുന്നുകര, പുത്തൻവേലിക്കര, ചേന്ദമംഗലം പഞ്ചായത്തുകളിൽ ജാഗ്രതാനിർദ്ദേശം നൽകിയതായി മന്ത്രി പി. രാജീവ് അറിയിച്ചു. മുൻകരുതലായി 25 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പം മന്ത്രി കണക്കൻകടവ് പാലം സന്ദർശിച്ചു. ജില്ലയിലെ നാല് റഗുലേറ്റർ കം ബ്രിഡ്‌ജുകളായ പാതാളം, മഞ്ഞുമ്മൽ, കണക്കൻകടവ്, പുറപ്പള്ളിക്കാവ് എന്നിവയുടെ മുഴുവൻ ഷട്ടറുകളും ഉയർത്തി. ആലുവ- കാലടി റോഡിൽ പുറയാർ കവലയിൽ സ്‌കൂൾ, സ്വകാര്യ ബസുകൾ കടന്നതിന് തൊട്ടുപിന്നാലെ വഴിയരികിലെ ഭീമൻ തണൽമരം കടപുഴകി വീണു. ആളപായം ഒഴിവായി. അഞ്ച് വൈദ്യുത തൂണുകൾ ഒടിഞ്ഞു.

 ഇന്നും അവധി
മഴ കുറയാത്ത സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണെന്ന് കളക്ടർ ഡോ. രേണുരാജ് അറിയിച്ചു.

 വെള്ളപ്പൊക്ക ഭീഷണി

വ്യാഴാഴ്ച രാവിലെ മുതൽ മൂവാറ്റുപുഴയാറിൽ വീണ്ടും ജലനിരപ്പ് ഉയർന്ന് വൈകിട്ടോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇടറോഡുകളിലും വെള്ളം കയറി. കാളിയാർ, കോതമംഗലം പുഴകളിലും ജലനിരപ്പ് ഉയർന്നു.

കോതമംഗലം മണികണ്ഡൻചാൽ പ്രദേശത്തെ അഞ്ച് വീടുകളിലും വെള്ളം കയറി. വാഹനഗതാഗതവും തടസപ്പെട്ടു. കൊച്ചി- ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലത്തിന് സമീപം റോഡ് ഇടിഞ്ഞ് വാഹന ഗതാഗതം തടസപ്പെട്ടു. ഭൂതത്താൻകെട്ട് വടാട്ടുപാറ റൂട്ടിൽ മരം വീണ് ഏറെനേരം ഗതാഗതം മുടങ്ങി.


 19 ക്യാമ്പുകൾ

768 പേർ

ജില്ലയിലാകെ 19 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. 217 കുടുംബങ്ങളിലെ 768 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. 295 പുരുഷന്മാരും 329സ്ത്രീകളും 144 കുട്ടികളുമുണ്ട്. 15 പേർ മുതിർന്ന പൗരന്മാരാണ്. ആലുവ- അഞ്ച്, പറവൂർ-എട്ട്, കോതമംഗലം, കുന്നത്തുനാട്- ഒരോന്നു വീതം, മുവാറ്റുപുഴ- നാല് എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തിലുള്ള ക്യാമ്പുകൾ.

ക്യാമ്പുകൾ

ആലുവ

* ചെട്ടിക്കുളം അങ്കണവാടി
*കറുകുറ്റി അൽഫോൻസാ നഗർ അങ്കണവാടി
*സെഹിയോൻ ഹാൾ നെടുമ്പാശേരി
*ജി.യൂ.പി സ്‌കൂൾ കുറുമശേരി
*പാറക്കടവ് കണ്ണംകുഴിശേരി അങ്കണവാടി

കോതമംഗലം
* കോതമംഗലം ടൗൺ യു.പി സ്‌കൂൾ


കുന്നത്തുനാട്
*കടക്കനാട് മാർത്തോമാ എൽ.പി സ്‌കൂൾ

മൂവാറ്റുപുഴ
* കുറിയൻമല കമ്മ്യൂണിറ്റി ഹാൾ
* കടാതി എൻ.എസ്.എസ് കരയോഗം
* ജെ.ബി സ്‌കൂൾ വാഴപ്പിള്ളി
* ആവുണ്ട എൽ.പി സ്‌കൂൾ

പറവൂർ
* ജി.യു.പി.എസ് കുറ്റിക്കാട്ടുകര
* ഐ.എ.സി. യൂണിയൻ ഓഫീസ് പറവൂർ
* ജിഎൽ.പി.എസ് ചാലക്ക
* എലന്തിക്കര ജി.എൽ.പി.എസ്
* സെന്റ് ഫ്രാൻസിസ് എൽ.പി.എസ് കുത്തിയതോട്
* സംഘമിത്ര ഹാൾ
* ജി.എച്ച്.എസ്.എസ് പാതാളം
* ജെ.ബി.എസ് സ്‌കൂൾ വയൽക്കര