കൊച്ചി: തൃപ്പൂണിത്തുറ എരൂർ എസ്.എം.പി കോളനി റോഡിലെ നന്നപ്പള്ളിവീട്ടിൽ ആനന്ദകുമാറിനെയും കുടുംബത്തെയും കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ രണ്ടു ബംഗ്ളാദേശികൾ ഉൾപ്പെടെ മൂന്നുപേർക്ക് അഡി. സെഷൻസ് കോടതി പത്തുവർഷംവീതം കഠിനതടവും ഓരോലക്ഷംരൂപ പിഴയും ശിക്ഷവിധിച്ചു. ബംഗ്ളാദേശ് പൗരന്മാരായ ഒന്നാംപ്രതി ഇക്രം ഖാൻ, ഒമ്പതാംപ്രതി മുഹമ്മദ് ഹാറൂൺ, ന്യൂഡൽഹി സ്വദേശിയായ നാലാംപ്രതി സലിം എന്നിവർക്കാണ് വിചാരണക്കോടതി ജഡ്ജി ജി. ഗിരീഷ് ശിക്ഷവിധിച്ചത്. ഏഴാംപ്രതി മണിക്, എട്ടാംപ്രതി അലംഗീർ എന്നിവരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു.

2017 ഡിസംബർ 16നാണ് 14 അംഗസംഘം കവർച്ച നടത്തിയത്. വീടിന്റെ ജനലഴികൾ മുറിച്ചുമാറ്റി അകത്തുകടന്ന പ്രതികൾ ആനന്ദകുമാർ, അമ്മ സ്വർണമ്മ, മക്കളായ ദീപക്, രൂപക് എന്നിവരെ വീട്ടിലെ ഓരോമുറിയിലും ഭാര്യ ഷാരിയെ ബാത്തുറൂമിലും കെട്ടിയിട്ടാണ് കവർച്ച നടത്തിയത്. 20,000 രൂപയും രണ്ടു മൊബൈലുകളും ലാപ്ടോപ്പും കാമറയുമാണ് മോഷ്ടിച്ചത്. ഇവർ തിരിച്ചുപോയശേഷം കെട്ടുകൾ അഴിച്ച് രക്ഷപ്പെട്ട ഇളയമകൻ രൂപകാണ് വിവരം സമീപവാസികളെ അറിയിച്ചത്. അക്രമികളുടെ ആക്രമണത്തിൽ ആനന്ദകുമാറിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. കവർച്ചക്ക് രണ്ടുദിവസംമുമ്പ് ആനന്ദകുമാർ എറണാകുളത്തെ ബാങ്ക് ലോക്കറിലിരുന്ന സ്വർണം തൃപ്പൂണിത്തുറയിലെ ബാങ്ക് ലോക്കറിലേക്ക് മാറ്റാനായി വീട്ടിലേക്ക് എടുത്തുകൊണ്ടുവന്നിരുന്നു. ഈ വിവരം പ്രതികൾ എങ്ങനെയോ അറിഞ്ഞ് കവർച്ചയ്‌ക്കെത്തിയെന്നായിരുന്നു പൊലീസിന്റെ നിഗമനം. കവർച്ചാസംഘത്തിന് പക്ഷേ വീട്ടിൽനിന്ന് സ്വർണം കണ്ടെടുക്കാൻ കഴിഞ്ഞില്ല.

വിചാരണ നേരിട്ട അഞ്ചുപ്രതികൾക്ക് പുറമേ മൂന്നാംപ്രതി ഷെഹ്സാദ്, പതിമൂന്നാംപ്രതി അർഷാദ്, പതിനാലാം പ്രതി റോണി ഷെയ്ക്ക് എന്നിവരെ കേരള പൊലീസ് ന്യൂഡൽഹിയിൽനിന്ന് അറസ്റ്റുചെയ്തിരുന്നു. എന്നാൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയതോടെ ഇവരുടെ വിചാരണ നടന്നില്ല. ഇവർ ന്യൂഡൽഹിയിലെ ഒരു കവർച്ചാക്കേസിലും പൊലീസുകാരനുനേരെ നിറയൊഴിച്ച കേസിലും പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇവർക്കു പുറമേ രണ്ടാംപ്രതി ആരിഫ്, അഞ്ചാംപ്രതി ഇല്യാസ്, ആറാംപ്രതി ഇമ്രാൻ, പത്താംപ്രതി മഷൂർ, പതിനൊന്നാം പ്രതി ഇബ്രാഹിം, പന്ത്രണ്ടാംപ്രതി നസീർഖാൻ എന്നിവരും കേസിൽ പിടികിട്ടാപ്പുള്ളികളാണ്.