തൃക്കാക്കര: പുകപരിശോധനാ സോഫ്റ്റ്‌വെയറിൽ സമാന്തര സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ തട്ടിപ്പ് നടത്തിവന്ന അങ്കമാലിയിലെ പുകപരിശോധനാ കേന്ദ്രത്തിനെതിരെ മോട്ടോർവാഹന വകുപ്പ് നടപടി സ്വീകരിച്ചു. വാഹനം കൊണ്ടുവരാതെ പുകപരിശോധന സർട്ടിഫിക്കറ്റ് നൽകുന്നതായി എറണാകുളം ആർ.ടി.ഒയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 48 പുകപരിശോധന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 14 കേന്ദ്രങ്ങളിൽ ക്രമക്കേട് കണ്ടെത്തി. എറണാകുളത്ത് ഏഴും മട്ടാഞ്ചേരി അഞ്ചുകേന്ദ്രങ്ങൾ പരിശോധിച്ചതിൽ ഓരോ കേസുകൾ കണ്ടെത്തി. അങ്കമാലിയിൽ 13 കേന്ദ്രങ്ങൾ പരിശോധിച്ചതിൽ ഏഴുസ്ഥലങ്ങളിൽ ക്രമക്കേട് കണ്ടെത്തി. ആലുവ,നോർത്ത് പറവൂർ എന്നിവിടങ്ങളിൽ ആറുസ്ഥലങ്ങൾ പരിശോധിച്ചതിൽ രണ്ടുകേസുകൾ കണ്ടെത്തി. ഈ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ആർ.ടി.ഒ നിർദേശിച്ചു. സമാന്തര സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തിവന്ന സ്ഥാപനത്തിലെ കമ്പ്യൂട്ടർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കളമശേരിയിലെ ഒരു പുകപരിശോധന കേന്ദ്രത്തിലെ തട്ടിപ്പ് കഴിഞ്ഞദിവസം പിടികൂടിയിരുന്നു.