
ആലുവ: രാസവസ്തുക്കൾ ഒഴിവാക്കി ജൈവ രീതിയിൽ ആരോഗ്യപ്രദമായ വിളകൾ ഉത്പാദിപ്പിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാട് സഞ്ചരിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ആലുവ തുരുത്ത് സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിലെ സമഗ്ര അടിസ്ഥാന വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കൃഷിയുടെ പ്രാധാന്യത്തെ ജനങ്ങൾ മനസിലാക്കി തുടങ്ങി. സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ ഇടപെടലിലൂടെ കൃഷിയിടങ്ങളുടെ വിസ്തൃതി വ്യാപിപ്പിക്കാനും തരിശുരഹിത പ്രദേശങ്ങൾ വർദ്ധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഫാം ടൂറിസത്തിന്റെ സാദ്ധ്യതകൾ മുൻനിർത്തി അടിമുടി മാറ്റത്തിന് ഒരുങ്ങുന്ന വിത്തുത്പാദന കേന്ദ്രത്തിൽ ഒമ്പത് കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണു നടപ്പിലാക്കുന്നത്. ആർ.ഐ.ഡി.എഫ് ഫണ്ടിൽ നിന്ന് 6.7 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് 20 ലക്ഷം രൂപയുടെ പുതിയ ബോട്ടും അനുവദിച്ചിട്ടുണ്ട്. ശതാബ്ദി കവാടത്തിൽ ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ വകയിരുത്തി ബോട്ട് ജെട്ടി സ്ഥാപിക്കും. അൻവർ സാദത്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവർ സംസാരിച്ചു.