
കൊച്ചി: ഷേണായീസ് ജംഗ്ഷന് സമീപം കോൺവെന്റ് റോഡിൽ കടകളിൽ മോഷണം. മെട്രൊ ടവർ കെട്ടിട സമുച്ചയത്തിന്റെ ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ രജിസ്‌ട്രേഷൻ സ്ഥാപനം ഗാംക, ഡിജിറ്റൽ കാമറകൾ സർവീസ് ചെയ്യുന്ന കാമറ സ്‌കാൻ കടകളിലാണു മോഷണം നടന്നത്. സമീപത്തെ സഫിയാ കോംപ്ലക്‌സ് കെട്ടിടത്തിന്റെ മതിൽക്കെട്ടിൽ ചവിട്ടിയാണ് മോഷണം നടന്ന ഒന്നാംനിലയിലേക്ക് കള്ളന്മാർ കടന്നത്.
ഓൺലൈൻ രജിസ്‌ട്രേഷൻ സ്ഥാപനത്തിൽ നിന്ന് ലാപ്‌ടോപ്പും ഡിജിറ്റൽ കാമറയും രണ്ട് ഫ്‌ളാഷുകളും മേശവലിപ്പിലുണ്ടായിരുന്ന 2,600 രൂപയും കവർന്നു. ഇവിടെ നിന്നെടുത്ത ചവിട്ടിയും രണ്ട് കർട്ടനുകളും സ്‌ക്രൂഡ്രൈവറും മോഷണം നടന്ന കാമറാസ്‌കാനിൽ കിടപ്പുണ്ടായിരുന്നു. വടുതല സ്വദേശി ആർ. വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
കാമറ സർവീസ് കടയുടെ കിഴക്കുവശത്തെ ഇരുമ്പു ഷട്ടറിന് സെൻട്രലൈസ്ഡ് ലോക്കിംഗ് സംവിധാനമാണ്. അതിനാൽ കടയുടെ വടക്കേ ഷട്ടറിന്റെ പൂട്ട് പൊളിച്ച ശേഷം ചില്ലുപാളി അർദ്ധ വൃത്താകൃതിയിൽ മുറിച്ചു മാറ്റിയാണ് മോഷണ സംഘം അകത്തു കടന്നത്.
കടയിൽ അറ്റകുറ്റപ്പണിക്കായി ചെറുതും വലുതുമായി 253 പഴയ ചെറിയ കാമറകൾ ഉണ്ടായിരുന്നതായും ഇവ മോഷണം പോയതായും കടയിലെ ജീവനക്കാരൻ എ.കെ.പ്രദീപ്കുമാർ പറയുന്നു. മേശവലിപ്പിൽ നിന്നു 10,000രൂപ കവർന്നു. കടയിലെ സി.സി.ടി.വി കാമറയുടെ മെമ്മറി കാർഡ് കൈവശപ്പെടുത്തിയാണ് കടന്നത്.
കോട്ടയം പള്ളം സ്വദേശി എബി കെ. ജോർജിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. സമീപത്തെ സഫിയാ കോംപ്ലക്‌സിന്റെ വരാന്തയിൽ ഇന്നലെ പുലർച്ചെ രണ്ടിന് രണ്ടംഗ സംഘം ഇരിക്കുന്നതും ഇവർ സമീപത്തെ മതിലിനടുത്തേക്ക് നീങ്ങുന്നതും മോഷണം നടന്ന മെട്രൊ ടവറിന് താഴെയുള്ള കടയുടെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പൊലീസ് നായയും വിരലടയാള വിദഗ്ധരും തെളിവെടുപ്പു നടത്തി.