photo

കളക്ടർമാരുടെ സ്ഥലംമാറ്റ കല്പന പുറത്തുവന്നത് ജൂലായ് 23 നാണ്. ആലപ്പുഴ കളക്ടറായിരുന്ന ഡോ. രേണുരാജിനെ എറണാകുളത്തേക്ക് മാറ്റി ; ഭർത്താവും നിലവിൽ ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനെ തൽസ്ഥാനത്തു നിയമിച്ചു. ജെറോമിക് ജോർജിനെ തിരുവനന്തപുരം കളക്ടറായും നിയമിച്ചു. മറ്റേതാനും ഐ.എ.എസ് ഉദ്യോഗസ്ഥർക്കും സ്ഥാനചലനം സംഭവിച്ചു. സാധാരണഗതിയിൽ ഇതൊന്നും ചർച്ചാവിഷയം പോലുമാകേണ്ടതല്ല. എന്നാൽ ഈ ഉത്തരവ് വലിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടു. ദിവസങ്ങൾക്കകം സംസ്ഥാനത്തെ സാമൂഹ്യ രാഷ്ട്രീയ സാമുദായിക രംഗങ്ങളിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു.

2013 ൽ ഐ.എ.എസ് പരീക്ഷ രണ്ടാം റാങ്കോടെ പാസായ ആളാണ് ശ്രീറാം വെങ്കിട്ടരാമൻ. ഒന്നാം പിണറായി സർക്കാരിന്റെ ആദ്യകാലത്ത് ദേവികുളം സബ് കളക്ടറായിരുന്ന അദ്ദേഹം ഭൂമി കൈയേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വിവാദപുരുഷനായി മാറുകയും ചെയ്തിരുന്നു. ഇടുക്കി ജില്ലക്കാരനായ അന്നത്തെ വൈദ്യുതിമന്ത്രി എം.എം. മണി ശ്രീറാമിനെതിരെ രൂക്ഷമായി പ്രതികരിച്ചു ; മുഖ്യമന്ത്രി തന്നെയും അനിഷ്ടം പ്രകടിപ്പിച്ചു. അധികം വൈകാതെ അദ്ദേഹത്തെ ദേവികുളത്തു നിന്ന് പടിയിറക്കി. 2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ മദ്യപിച്ച് ലക്കുകെട്ട ശ്രീറാം തിരുവനന്തപുരം നഗരവീഥിയിലൂടെ അമിതവേഗത്തിൽ കാറോടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ലേഖകൻ കെ.എം. ബഷീർ ഓടിച്ച മോട്ടോർ സൈക്കിളിൽ ഇടിച്ചു. ബഷീർ ദാരുണമായി കൊല്ലപ്പെട്ടു. അതേച്ചൊല്ലി വലിയ പ്രതിഷേധമുണ്ടായി. അതുവരെ പാടിപ്പുകഴ്‌ത്തിയ മാദ്ധ്യമപ്രവർത്തകർ ആകമാനം അവനെ ക്രൂശിക്ക എന്ന് ആർത്തുവിളിച്ചു. പൊലീസ് ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഐ.എ.എസുകാരൻ എന്ന പ്രത്യേക പരിഗണനയാൽ ഒരു ദിവസമെങ്കിലും ലോക്കപ്പിലോ സബ് ജയിലിലോ അടച്ചില്ല. പകരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് അദ്ദേഹം ജാമ്യത്തിൽ പുറത്തിറങ്ങി. അപ്പോഴേക്കും സർക്കാർ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മരണപ്പെട്ട ബഷീറിന്റെ കുടുംബത്തിന് സർക്കാരിൽ നിന്ന് നഷ്ടപരിഹാരവും ഭാര്യയ്ക്ക് തിരൂർ തുഞ്ചൻ സർവകലാശാലയിൽ ഭേദപ്പെട്ട ഉദ്യോഗവും നൽകി സമാശ്വസിപ്പിച്ചു (മുമ്പൊരിക്കലും ഒരപകടത്തിൽ മരിച്ച ഒരു പത്രപ്രവർത്തകനോടും കേരള സർക്കാർ കാണിക്കാത്ത ഒരു ഔദാര്യം). ആ അദ്ധ്യായം തൽക്കാലം അവിടെ അവസാനിച്ചു.

കൊവിഡ് മഹാമാരി മൂർദ്ധന്യത്തിൽ നിൽക്കവേ കേരള സർക്കാർ ശ്രീറാമിനെ തിരിച്ചെടുത്തു. കേരള പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചെങ്കിലും വിലപ്പോയില്ല. ശ്രീറാം മെഡിക്കൽ ബിരുദധാരിയാണ്, അതിലുപരി അമേരിക്കൻ സർവകലാശാലയിൽ നിന്ന് അധിക ബിരുദവും നേടിയിട്ടുണ്ട്. അതുപോലൊരാളെ ഈ പ്രതിസന്ധിഘട്ടത്തിൽ ആരോഗ്യവകുപ്പിന് ആവശ്യമുണ്ട് എന്നാണ് അന്നു പറഞ്ഞ ന്യായം. അങ്ങനെ അദ്ദേഹം ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ടു. ക്രിമിനൽ കേസിൽ പ്രതികളായ ഉദ്യോഗസ്ഥരോട് അനുകമ്പാപൂർണമായ സമീപനമാണ് മാറിമാറി വരുന്ന സർക്കാരുകൾ സ്വീകരിക്കുന്നത്. അധികകാലമൊന്നും ആരെയും സസ്പെൻഷനിൽ നിറുത്തുന്ന പതിവു നമ്മുടെ നാട്ടിലില്ല. സ്വർണക്കടത്തു കേസിൽ പ്രതിയായ, മുഖ്യമന്ത്രിയുടെ സ്പെഷ്യൽ സെക്രട്ടറി ശിവശങ്കർ ഒരു വർഷത്തിനകം സർവീസിൽ തിരിച്ചെത്തിയെന്നു മാത്രമല്ല, മുഖ്യമന്ത്രിയെയും തന്നെത്തന്നെയും വെള്ളപൂശിക്കൊണ്ട് ഒരു സർവീസ് സ്റ്റോറിയെഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിലെ പ്രതികളും വരാപ്പുഴ ലോക്കപ്പിൽ ശ്രീജിത്തിനെ ചവിട്ടിക്കൊന്ന ഇൻസ്പെക്ടറുമൊക്കെ അധികം താമസിയാതെ സർവീസിൽ തിരിച്ചെത്തിയെന്നു മാത്രമല്ല, ചിലരൊക്കെ പ്രൊമോഷൻ പോലും നേടിയെടുത്തു. അതേസമയം സർക്കാരിന് അനഭിമതരായ ഉദ്യോഗസ്ഥർ തീർത്തും സാങ്കല്പികമായ ആരോപണങ്ങളുടെ പേരിൽ പോലും ദീർഘകാലം മാറ്റിനിറുത്തപ്പെടുകയും പലവിധ പീഡനങ്ങൾക്ക് ഇരയാവുകയും ചെയ്തു. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച വിജിലൻസ് ഡയറക്ടർ ഡോ. ജേക്കബ് തോമസ് സർവീസ് സ്റ്റോറി എഴുതിയതിന്റെ പേരിലാണ് ദീർഘകാലം സസ്പെൻഷനിൽ കഴിയേണ്ടി വന്നത്. അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് അനുകൂലവിധി വാങ്ങി തിരികെ കയറിയെങ്കിലും പാലക്കാട് ജില്ലയിൽ പൂട്ടാറായ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായാണ് പുനർനിയമനം കിട്ടിയത്. അദ്ദേഹത്തിന്റെ പെൻഷൻ ആനുകൂല്യങ്ങൾ നാളിതുവരെയും കൊടുത്തു തീർക്കാനുള്ള സന്മനസ് ബഹുമാനപ്പെട്ട കേരള സർക്കാർ കാണിച്ചിട്ടുമില്ല. ഇതൊക്കെയാണ് നമ്മുടെ സർക്കാരിന്റെ അഭിമാനകരമായ പാരമ്പര്യം.

കൊവിഡ് മഹാമാരി കെട്ടടങ്ങിയ സാഹചര്യത്തിൽ, ആരോഗ്യവകുപ്പിൽ അങ്ങനെ ഒതുങ്ങിക്കൂടേണ്ട പ്രതിഭയല്ല ഡോ. ശ്രീറാമെന്ന് സർക്കാർ വിലയിരുത്തി. അദ്ദേഹത്തെ ആലപ്പുഴ കളക്ടറായി നിയമിക്കാൻ തീരുമാനിച്ചു. പത്രപ്രവർത്തക യൂണിയൻ വീണ്ടും പ്രതിഷേധിച്ചു. നരഹത്യാക്കേസിൽ പ്രതിയായ ഒരാൾ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ അധികാരത്തോടു കൂടി ജില്ലാ കളക്ടറായി ഇരിക്കുന്നത് അനുചിതമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. ആലപ്പുഴ ഡി.സി.സി ശക്തമായി പ്രതിഷേധിച്ചു. പിന്നാലെ ഇന്ത്യൻ യൂണിയൻ മുസ്ളിംലീഗും പ്രതിഷേധ സ്വരമുയർത്തി. പ്രതിപക്ഷത്തിന്റെയും പത്രപ്രവർത്തക യൂണിയന്റെയും പ്രതിഷേധത്തെ പുച്ഛിക്കുന്ന നിലപാടാണ് ജൂലായ് 26 നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ കൈക്കൊണ്ടത്. മരണപ്പെട്ട ബഷീറിന് നീതി ഉറപ്പാക്കും ; അതേസമയം ഐ.എ.എസുകാരനെ അകാരണമായി മാറ്റി നിറുത്തുകയുമില്ല എന്നു വ്യക്തമാക്കി. ഓരോ ഐ.എ.എസ് കാരനെയും നിശ്ചിതകാലഘട്ടം കളക്ടറായി നിയമിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീറാം വെങ്കിട്ടരാമനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഉത്തരം പറഞ്ഞ രീതി ഏതൊരു ഡിപ്ളോമാറ്റിനും പാഠമാണെന്ന് നമ്മുടെ നാട്ടിലെ ഒരു പ്രമുഖ ബുദ്ധിജീവി അഭിനന്ദിച്ചു. ജൂലായ് 26 ന് ചാർജ്ജെടുക്കാനെത്തിയ കളക്ടറെ യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി കാണിച്ച് വരവേറ്റു. പത്രപ്രവർത്തക യൂണിയൻ കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സാമൂഹ്യ മാദ്ധ്യമങ്ങൾ ശ്രീറാമിനെ കൊലക്ടർ എന്നു വിശേഷിപ്പിച്ചു. അധികം വൈകാതെ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിന്റെ കമന്റ് ബോക്സ് ലോക്ക് ചെയ്യേണ്ടി വന്നു. കളക്ടർ വിളിച്ചു ചേർത്ത നെഹ്റുട്രോഫി വള്ളംകളിയുടെ സംഘാടക സമിതിയോഗം കോൺഗ്രസ്, മുസ്ളിംലീഗ് പ്രതിനിധികൾ ബഹിഷ്കരിച്ചു. അതിനുമപ്പുറം വലിയ കലാപമൊന്നുമുണ്ടാക്കാൻ പ്രതിപക്ഷ പാർട്ടികൾക്കോ പത്രപ്രവർത്തക യൂണിയനോ കഴിയുമായിരുന്നില്ല. സാധാരണഗതിയിൽ പ്രതിഷേധം ആറിത്തണുത്ത് പോകാനായിരുന്നു സാദ്ധ്യത.

എന്നാൽ പ്രതിപക്ഷം നിറുത്തിയിടത്തു നിന്ന് കാന്തപുരം മുസ്‌ലിയാർ സമരം ഏറ്റെടുത്തു. ഇടതുപക്ഷത്തോട് പ്രത്യേകിച്ച് മാർക്സിസ്റ്റ് പാർട്ടിയോടു ചായ്‌വു പുലർത്തുന്ന ഏക മുസ്ളിം വിഭാഗമാണ് കാന്തപുരത്തിന്റെ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ. അവരുടെ പ്രസിദ്ധീകരണമാണ് സിറാജ് ദിനപത്രം. അതിലെ പ്രധാന ലേഖകനായിരുന്നു കെ.എം. ബഷീർ. മാത്രമല്ല അദ്ദേഹത്തിന്റെ പിതാവ് സമസ്തയുടെ അനിഷേധ്യ നേതാക്കളിൽ ഒരാളുമായിരുന്നു. ശ്രീറാമിനെ കളക്ടറായി നിയമിച്ചതിൽ സ്വാഭാവികമായും കാന്തപുരം ഗ്രൂപ്പുകാർ പ്രകോപിതരായി. കളക്ടറെ മാറ്റിയേ തീരൂ എന്നു ഉസ്താദ് അന്ത്യശാസനം നൽകി. 'കളങ്കിതനാണ് കളക്ടർ ; തിരിച്ചു വിളിക്കണം' എന്ന ശീർഷകത്തിൽ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എളമരം റഹ്മത്തുള്ള സഖാഫി ജൂലായ് 29 ന് സിറാജ് പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ ലേഖനമെഴുതി സംഘടനയുടെ നിലപാടു വ്യക്തമാക്കി. "സുന്നി പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കെ.എം. ബഷീർ എസ്.വൈ.എസ് പ്രവർത്തകനും സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫും അതിലുപരി സുന്നി ആത്മീയനേതൃത്വമായിരുന്ന മർഹൂം വടകര മുഹമ്മദ് ഹാജി തങ്ങളുടെ മകനുമാണ്. അദ്ദേഹത്തിന് നീതി നേടിക്കൊടുക്കുകയെന്നത് പ്രസ്ഥാനിക ബാദ്ധ്യത തന്നെയാണ്. ശ്രീറാം വെങ്കിട്ടരാമനെ തൂക്കി കൊല്ലണമെന്നോ ഒരു തസ്തികയിലും നിയമനം നൽകാതെ മാറ്റിനിറുത്തണമെന്നോ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ കീഴ്ഘടകമായ കേരള മുസ്ളിം ജമായത്ത് ആവശ്യപ്പെടുന്നില്ല. കോടതിയിൽ ഗൗരവതരമായ വകുപ്പുകളുള്ള ക്രിമിനൽ കേസിൽ പ്രതിയായ ഇദ്ദേഹത്തെ കേസിൽ വിധിവരുന്നതിന് മുമ്പ് മജിസ്ട്രേട്ട് പദവിയുള്ള ജില്ലാ കളക്ടറായി നിയമിക്കരുതെന്നു മാത്രമാണ് ആവശ്യപ്പെടുന്നത്. ഇതു നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയായാണ് പ്രസ്ഥാനം കാണുന്നത്. സുചിന്തിതമായ രാഷ്ട്രീയ നിലപാടുകളെടുക്കാനും വ്യത്യസ്‌തമായ രാഷ്ട്രീയ കക്ഷികളോട് അനുയോജ്യമായ സമീപനം സ്വീകരിക്കാനും പ്രസ്ഥാന നേതൃത്വത്തിന് അറിയാം. സർക്കാരിനോടു സഹകരിക്കേണ്ട കാര്യങ്ങളിൽ സഹകരിക്കാനും വിയോജിക്കേണ്ട സന്ദർഭങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്താനും സമരം ചെയ്യേണ്ടി വരുമ്പോൾ ജനാധിപത്യ രീതിയിൽ സമരം ചെയ്യാനും പ്രസ്ഥാന നേതൃത്വത്തിനും അണികൾക്കും തിരിച്ചറിവുണ്ട്. അതിനാൽ ഇത്തരം ഉരസിപ്പിക്കൽ പദ്ധതികൾ ചെയ്തുകൂട്ടി സമയം കളയേണ്ടതില്ല."

ജൂലായ് 30 ശനിയാഴ്ച മുസ്ളിം ജമായത്തിന്റെയും എസ്.വൈ.എസിന്റെയും എസ്.എസ്.എഫിന്റെയും പ്രവർത്തകർ, അധികവും വെള്ളവസ്ത്രവും തലയിൽക്കെട്ടും ധരിച്ച മതപണ്ഡിതന്മാർ സംസ്ഥാനത്തെ 13 കളക്ടറേറ്റുകൾക്കും സെക്രട്ടറിയേറ്റിനും നേർക്ക് മാർച്ച് ചെയ്തു. എല്ലായിടത്തും പ്രകടനം സമാധാനപരമായിരുന്നു ; ചിലപ്പോഴെങ്കിലും മുദ്രാവാക്യങ്ങൾ പ്രകോപനപരമായിരുന്നെങ്കിൽ പോലും. സുന്നി മതപണ്ഡിതരുടെ ഈ മഹാപ്രകടനങ്ങൾ സ്വാഭാവികമായും വലിയ വാർത്താ പ്രാധാന്യം നേടി. അതോടെ ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം ഒരു പൊതുപ്രശ്നം എന്നതിലുപരി മതപ്രശ്നമായി മാറി. സുന്നികളുടെ പ്രതിഷേധത്തെയും പോർവിളികളെയും കണ്ടില്ലെന്നു നടിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുമായിരുന്നില്ല. പത്രപ്രവർത്തകരുടെയും പ്രതിപക്ഷ നേതാക്കളുടെയും വാദങ്ങൾ പുല്ലുപോലെ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി അതേ ആവശ്യം മതപണ്ഡിതന്മാർ ആവർത്തിച്ചപ്പോൾ ചൂളിപ്പോയി. മാത്രവുമല്ല ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ ജാതിമത സംഘടനകൾ സമരം ചെയ്തു പുറത്താക്കിയതിന്റെ വാർഷികം കൂടിയായിരുന്നു ജൂലായ് 31. അങ്ങനെ ശ്രീറാമിനെ സിവിൽ സപ്ളൈസ് കോർപ്പറേഷനിലേക്ക് മാറ്റാനും കൃഷ്‌ണ തേജയെ ആലപ്പുഴ കളക്ടറായി നിയമിക്കാനും തീരുമാനിച്ചു. ആഗസ്റ്റ് ഒന്നിന് ഉത്തരവ് പുറത്തിറങ്ങി. വിവാദനായകനെ തന്റെ കീഴിലുള്ള പൊതുവിതരണ വകുപ്പിൽ നിയമിച്ച കാര്യം ഭക്ഷ്യമന്ത്രി പത്രം വായിച്ചാണത്രേ അറിഞ്ഞത്. ആലപ്പുഴ കളക്ടറെ മാറ്റിയ കാര്യം റവന്യൂമന്ത്രി അറിഞ്ഞോ എന്തോ? യുക്തമായ സമയത്ത് കൃത്യമായ തീരുമാനം കൈക്കൊണ്ട കേരള സർക്കാരിനെയും മുഖ്യമന്ത്രിയെയും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അഭിനന്ദിച്ചു. പി.വി. അൻവർ എം.എൽ.എയും കാരാട്ട് റസാഖ് എക്സ് എം.എൽ.എയും അതാവർത്തിച്ചു. ന്യായീകരണ തൊഴിലാളികളും ക്യാപ്‌സൂൾ നിർമ്മാതാക്കളും വാചാലമായ മൗനം പാലിച്ചു. കേരള സർക്കാരിന്റെ വിജയകരമായ പിന്മാറ്റം ദേശീയ മാദ്ധ്യമങ്ങളിൽ വരെ ചർച്ചയായി. ഹിന്ദു ബ്രാഹ്മണനായ ആലപ്പുഴ കളക്ടർക്കെതിരെ മുസ്ളിം സംഘടനകൾ മലപ്പുറം കളക്ടറേറ്റിലേക്ക് മാർച്ച് നടത്തുന്ന ചിത്രം ബി.ജെ.പിക്കാർ രാജ്യവ്യാപകമായി പ്രചരിപ്പിച്ചു.

ഇരട്ടച്ചങ്കൻ എന്നു പേരുകേട്ട മുഖ്യമന്ത്രിയെ വരച്ചവരയിൽ നിറുത്താൻ കഴിഞ്ഞ അബൂബക്കർ മുസ്‌ലിയാർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. അനഭിമതരായ സർക്കാർ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കാനും സസ്പെൻഡ് ചെയ്യിക്കാനും ആവശ്യമെങ്കിൽ സർവീസിൽ നിന്ന് പിരിച്ചു വിടുവിക്കാനും ഇതേ സമരമാതൃക ഇനി മറ്റ് സമുദായ നേതാക്കൾക്കും പരീക്ഷിക്കാവുന്നതാണ്. നവോത്ഥാനം നീണാൾ വാഴട്ടെ.