കോലഞ്ചേരി: കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ വിദ്യാസമ്പന്നരായ 40 വയസിൽ താഴെയുള്ള വനിതകൾക്കായി തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി "ടെക്ക് ശക്തി - 1" നടപ്പാക്കുന്നു. ഞായറാഴ്ച 12ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാജ്യോതിയുടെ ഭാഗമായി വരിക്കോലി മുത്തൂറ്റ് എൻജിനിയറിംഗ് കോളേജും ഈസ്റ്റേൺ ഗ്രൂപ്പുമായി സഹകരിച്ചാണ്
ടെക്ക് ശക്തി - 1 നടപ്പാക്കുന്നത്. ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ള സ്ത്രീകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ഡാറ്റാ സയൻസിലും ബേസിക് പൈത്തൺ പ്രോഗ്രാമിലും സാങ്കേതിക പരിജ്ഞാനം കൊടുക്കുകയും അതുവഴി പ്രോഗ്രാമിംഗ്, ഡാറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ തൊഴിൽമേഖലകളിലേക്ക് ഇവരെ എത്തിക്കുകയുമാണ് ലക്ഷ്യം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് ഒന്നാംഘട്ട പരിശീലനം. മൂന്ന് മാസത്തോളം നീളുന്ന പരിശീലനം പൂർത്തിയാക്കുന്നവർക്ക് നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ പ്രോഗ്രാം വർക്ക് ലെവൽ 5ന് സമാനമായ സർട്ടിഫിക്കറ്റ് ലഭിക്കും. ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അഡ്വാൻസ്ഡ് ലെവൽ പരിശീലനവും ലക്ഷ്യമിടുന്നുണ്ട്. കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ പ്രഗത്ഭരുടെ നേതൃത്വത്തിലാണ് പരിശീലനവും ക്ലാസും. എം.എൽ.എയുടെ ഫെയ്സ്ബുക്ക് പേജിലെ ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യാം. അന്വേഷണങ്ങൾക്ക്- 0484 2998788.