കൊച്ചി: ഇടതടവി​ല്ലാതെ നാലുദി​നങ്ങളായി​ പെയ്യുന്ന മഴയി​ൽ ജി​ല്ലയി​ൽ ചത്തൊടുങ്ങി​യത് 10.5 ലക്ഷം രൂപ വി​ലവരുന്ന പക്ഷി​ മൃഗാദി​കൾ. രാത്രിയിൽ വെള്ളം കയറിയതോടെ പലർക്കും മൃഗങ്ങളെയും മറ്റും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ സാധിക്കാതായതോടെ ക്ഷീരകർഷകരുൾപ്പടെയുള്ളവർക്കാണ് നഷ്ടമുണ്ടായത്.

മൃഗസംരക്ഷണ വകുപ്പിന്റെ കണക്കിൽ ചത്തൊടുങ്ങിയവയിൽ പശുക്കൾ, കോഴികൾ, ആട്, താറാവ്, പന്നി എന്നിവ ഉൾപ്പെടുന്നു. പെരിയാറിനും ചാലക്കുടിപ്പുഴയ്ക്കും സമീപത്തുള്ള പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി വെള്ളം കയറിയത്. പല്ലാരിമംഗലം. വേങ്ങൂർ, കോതമംഗലം, വെസ്റ്റ് കടുങ്ങല്ലുർ എന്നിവിടങ്ങളിലാണ് നാശനഷ്ടങ്ങളേറെ.

വരുംദിവസങ്ങളിൽ മഴ കനത്താൽ നാശനഷ്ടം വർദ്ധിക്കുമെന്ന ആശങ്കയിലാണ് കർഷകർ. വെസ്റ്റ് കടുങ്ങല്ലൂരിലാണ് നാശനഷ്ടമേറെ. 10,350 കോഴിക്കുഞ്ഞുങ്ങളും 100 കോഴികളും ചത്തൊടുങ്ങി.

മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് നടപടികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾക്കൊപ്പം മൃഗങ്ങൾക്കും സുരക്ഷിത സ്ഥാനമൊരുക്കും. രണ്ട് ക്യാമ്പുകൾ തുറന്നുകഴിഞ്ഞു. ചാലക്കുടിപ്പുഴയിലും പെരായാറിലും വെള്ളം ഇറങ്ങാതെ നിൽക്കുന്നതിനാൽ ആവശ്യമെങ്കിൽ വെറ്ററിനറി ഡോക്ടർമാർ പരിശോധിച്ച് കൂടുതൽ ക്യാമ്പ് ആരംഭിക്കും.

 ജില്ലയിലെ നാശനഷ്ടം

തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ

പല്ലാരിമംഗലം - ഇറച്ചിക്കോഴിക്കുഞ്ഞുങ്ങൾ - 9,000

വേങ്ങൂർ- ഇറച്ചിക്കോഴിക്കുഞ്ഞുങ്ങൾ- 1,350

കോതമംഗലം- പന്നി 30

വെസ്റ്റ് കടുങ്ങല്ലൂർ- പശു 1, ആട് 1, കോഴി- 100, താറാവ്- 300

 ക്യാമ്പുകൾ

വാരപ്പെട്ടി- 11 പശു, 6 കിടാവ്

കോതമംഗലം- 12 പശു. 8 കിടാവ്

 കൺട്രോൾ റൂം തുറന്നു

മൃഗങ്ങളെ സംരംക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനവും മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കാനും നടപടി സ്വീകരിക്കും. രണ്ട് ആംബുലൻസ് സൗകര്യം ജില്ലയിൽ ലഭ്യമാണ്. കന്നുകാലികളുടെ തീറ്റയ്ക്കായി സർക്കാർ ഫണ്ട് ലഭ്യമാക്കി. ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകുന്നവർ കന്നുകാലികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയ വിവരം അതത് പ്രദേശത്തെ മൃഗാശുപത്രികളിൽ അറിയിക്കണം. കൺട്രോൾ റൂം നമ്പർ: 0484 2451264.

ശ്രദ്ധിക്കാൻ

വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞുപോവുന്ന കുടുംബങ്ങൾ മൃഗങ്ങളെ രക്ഷിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ അവയെ അഴിച്ചുവിടേണ്ടതാണ്. അതുമല്ലെങ്കിൽ മൃഗസംരക്ഷണ വകുപ്പിനെ വിവരം അറിയിക്കണം. നനഞ്ഞ പുല്ലുകൾ കഴിക്കാത്ത പക്ഷം കാലിത്തീറ്റ, വൈക്കോൽ എന്നിവ നൽകുക. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ധാതുലവണങ്ങൾ നൽകുക. വെള്ളത്തിൽ നിറുത്താതിരിക്കുക.

"അകിട് വീക്കം, മറ്റ് അസുഖങ്ങൾ എന്നി​വ കണ്ടാൽ സ്വയം ചികിത്സ നൽകാതെ വെറ്ററിനറി ഡോക്ടർമാരെ വിവരം അറിയിക്കുക. മൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ജില്ലാ വെറ്ററിനറി കേന്ദ്രം സുസജ്ജമാണ്. "

ഡോ. എൻ. ഉഷാറാണി,

ജില്ലാ വെറ്ററിനറി ഓഫീസർ

എറണാകുളം