civil

മൂവാറ്റുപുഴ: പ്രളയസാധ്യത കണക്കിലെടുത്ത് കേരള സിവിൽ ഡിഫൻസ് മൂവാറ്റുപുഴ യൂണിറ്റ് നിർമല ഹൈസ്കൂൾ ക്യാമ്പ് ഹൗസാക്കി. മൂവാറ്റുപുഴ യാറിൽ ജലനിരപ്പ് ഉയരുന്നതുമൂലം ജില്ലാ ആസ്ഥാനത്ത് നിന്ന് ലഭിച്ച നിർദേശത്തെതുടർന്നാണ് സിവിൽ ഡിഫൻസ് ക്യാമ്പ് ചെയ്യുന്നത്. പതിനാലോളം പേർ അടങ്ങുന്ന സംഘമാണ് ക്യാമ്പിലുള്ളത്. അതിൽ ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ നിതിൻ എസ്.നായരുടെ നേതൃത്വത്തിലെ സംഘം താലൂക്ക് കൺട്രോൾ റൂമിൽ ഹാം റേഡിയോ സ്റ്റേഷൻ ആരംഭിച്ച് ജില്ലാ കൺട്രോൾ റൂമിലേക്ക് വിവരങ്ങൾ കൈമാറുന്നു. ബാക്കിയുള്ളവർ ഗ്രൂപ്പ് ക്യാപ്ടൻ എം.എസ്.നവാസ്, എം.ജെ.ഷാജി എന്നിവരുടെ നേതൃത്വത്തിൽ രണ്ടു ടീമുകളായി തിരിഞ്ഞ് പ്രശ്‌നബാധിത സ്ഥലങ്ങളിൽ ഓരോ മണിക്കൂർ ഇടവിട്ട് റൂട്ട്മാർച്ച് നടത്തുകയും വിവരങ്ങൾ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ടി.കെ.സുരേഷിന് കൈമാറുകയും ചെയ്യുന്നു. മൂവാറ്റുപുഴ സിവിൽ ഡിഫൻസ് അംഗവും എം.എൽ.എയുമായ മാത്യു കുഴൽനാടൻ സിവിൽ ഡിഫൻസ് ക്യാമ്പ് സന്ദർശിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ എം.എൽ.എ വേണ്ട നിർദേശങ്ങൾ നൽകി. മുൻവർഷങ്ങളിലും അടിയന്തര സാഹചര്യങ്ങളിൽ സിവിൽ ഡിഫൻസ് ക്യാമ്പ് തുറന്ന് രക്ഷാപ്രവർത്തനം നടത്തിയിരുന്നു.