കൊച്ചി: നാലു വർഷത്തെ നിയമയുദ്ധത്തിനൊടുവിൽ കൊച്ചി റിഫൈനറി ജീവനക്കാരൻ വെണ്ണല സ്വദേശി പി.എൻ. സുരേന്ദ്രൻ നായർക്ക് വിരമിക്കൽ ദിനത്തിൽ സർവീസിൽ പുന:പ്രവേശനം. ജോലിയിൽ പ്രവേശിച്ച് മണിക്കൂറുകൾക്കകം അദ്ദേഹം വിരമിക്കുകയും ചെയ്തു.
റിഫൈനറിയിൽ ക്രാഫ്‌ട്‌സ്‌മാനായിരുന്ന സുരേന്ദ്രൻ നായരെ സഹപ്രവർത്തകനോടു മോശമായി പെരുമാറിയെന്ന പരാതിയിലാണ് 2018ൽ പുറത്താക്കിയത്. പുറത്താക്കിയ കാലത്തെ ആനുകൂല്യങ്ങളോടെ അദ്ദേഹത്തെ ജോലിയിൽ തിരിച്ചെടുക്കാൻ കേന്ദ്ര ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ 2021 സെപ്തംബറിൽ ഉത്തരവിട്ടു. കമ്പനി ഇതിനെതിരെ നൽകിയ ഹർജിയിൽ ട്രൈബ്യൂണൽ ഉത്തരവിൽ ഹൈക്കോടതി സിംഗിൾബെഞ്ച് മാറ്റം വരുത്തി. തിരിച്ചെടുക്കുന്നതിനു പകരം 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനായിരുന്നു നിർദ്ദേശം.
സുരേന്ദ്രൻ നായരുടെ അപ്പീലിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് സിംഗിൾബെഞ്ചിന്റെ ഉത്തരവു സ്റ്റേ ചെയ്തു. ഇതുപ്രകാരം ജോലിയിൽ തിരികെ പ്രവേശിക്കാൻ ജൂലായ് 29ന് രാവിലെ സുരേന്ദ്രൻ നായർ കമ്പനിയിലെത്തിയെങ്കിലും ഗേറ്റിൽ തടഞ്ഞു. തന്റെ വിരമിക്കൽ തീയതിയാണ് അന്നെന്നും ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സുരേന്ദ്രൻ നായർ അപ്പോൾത്തന്നെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഡിവിഷൻ ബെഞ്ച് വാക്കാൽ നിർദ്ദേശിച്ചതുപ്രകാരം അന്ന് ഉച്ചയോടെ സുരേന്ദ്രൻ നായർ സർവീസിൽ തിരികെ കയറുകയും മണിക്കൂറുകൾക്കകം വിരമിക്കുകയും ചെയ്തു.