library

അങ്കമാലി: അയ്യമ്പുഴ പഞ്ചായത്തിലെ പാണ്ടുപാറയിൽ കാട്ടാനക്കൂട്ടം വൻ കൃഷി നാശം വിതച്ചു. പാണ്ടുപാറ പള്ളിക്ക് സമീപം വാഴപ്പിള്ളി വീട്ടിൽ ജോയി, പാലാട്ടി അന്തോണി എന്നിവരുടെ വാഴത്തോട്ടവും റബ്ബർ ഉൾപ്പെടെയുള്ള കാർഷിക വിളകളും രാത്രിയിലിറങ്ങിയ ആനക്കൂട്ടം നശിപ്പിക്കുകയായിരുന്നു. കൃഷി നാശം സംഭവിച്ച സ്ഥലം റോജി എം. ജോൺ എം.എൽ.എ സന്ദർശിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുംസ്ഥലത്തെത്തി. കൃഷി നാശം സംഭവിച്ചതിന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകി.

കൃത്യമായി നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടി സംഘടിപ്പിക്കുമെന്നും റോജി എം.ജോൺഎം.എൽ.എ പറഞ്ഞു. മുൻ എം.എൽ.എ പി.ജെ. ജോയ്, ജില്ലാ പഞ്ചായത്ത് അംഗം അനിമോൾ ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു കാവുങ്ങ, കാലടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സാംസൺ ചാക്കോ, അയ്യമ്പുഴ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. ഒ. വർഗ്ഗീസ് മലയാറ്റൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പോൾസൺ കാളാംമ്പറമ്പിൽ എന്നിവരും എം.എൽ.എയ്ക്ക് ഒപ്പമുണ്ടായിരുന്നു