പെരുമ്പാവൂർ: മൂല്യനിർണയ ക്യാമ്പുകളുടെ പേരിൽ പെരുമ്പാവൂർ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യയനം മുടക്കുന്നു.

വിദ്യാർത്ഥികൾക്ക് പഠനം നിഷേധിക്കുന്നതിനെതിരെ പ്രതിഷേധത്തിലാണ് മാതാപിതാക്കൾ.

ബോയ്‌സ് സ്‌കൂൾ ഹയർ സെക്കൻഡറി പ്ലസ് വൺ, പ്ലസ് ടു വിഭാഗത്തിലെ 240 കുട്ടികളുടെ പഠനമാണ് മിനിമം പ്രവർത്തിദിനങ്ങൾ നൽകാതെ മുടക്കുന്നത്. സ്‌കൂളിൽ കഴിഞ്ഞ വർഷം പ്ലസ് വൺ വിഭാഗത്തിൽ ക്ലാസ് നടന്നത് നൂറ് ദിവസത്തിൽ താഴെ മാത്രം. മൂല്യനിർണയ ക്യാമ്പുകൾ മൂലം ഒരു മാസം അദ്ധ്യയനം പൂർണമായും നടന്നില്ല. വിദ്യാഭ്യാസ വർഷത്തിൽ കുറഞ്ഞത് 200 ദിവസമെങ്കിലും ക്ലാസുകൾ നടത്തണമെന്ന കേന്ദ്ര മാനവവിഭവ ശേഷി വകുപ്പിന്റെ ഉത്തരവ് അട്ടിമറിച്ചാണ് ബോയ്‌സ് സ്കൂളിൽ മൂല്യനിർണയ ക്യാമ്പുകൾ നടത്തിയത്. ക്യാമ്പുകളുടെ ആലസ്യം വിട്ടൊഴിഞ്ഞശേഷം ധൃതിപിടിച്ച് ക്ലാസുകളെടുക്കുന്നതാണ് അദ്ധ്യാപകരുടെ രീതി. ഇതു വിദ്യാർത്ഥികളിൽ അമിതപഠനഭാരത്തിന്റെ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. ഇത് വിദ്യാർത്ഥികളുടെ പരീക്ഷാ തയ്യാറെടുപ്പിനയും ബാധിക്കുന്നു.

പുതിയ അദ്ധ്യയനവർഷത്തിലെ പ്ലസ് ടു ക്ലാസുകൾ ജൂലായിൽ ആരംഭിച്ചെങ്കിലും സ്‌കൂളിൽ ഒരു ദിവസം മാത്രമേ പഠനം നടന്നുള്ളൂ. പിന്നീട് ആഴ്ച്ചകളോളം മൂല്യനിർണയ ക്യാമ്പിന്റെ പേരിൽ ക്ലാസുകൾ നടത്തിയില്ല. ഒരാഴ്ച്ച മുമ്പ് മാത്രമാണ് പ്ലസ് ടു ക്ലാസുകൾ പുനരാരംഭിച്ചത്. അടുത്ത ദിവസം മുതൽ വീണ്ടും മൂല്യനിർണയ ക്യാമ്പിന്റെ പേരിൽ ക്ലാസുകൾ നിർത്തേണ്ടിവരുമെന്നാണ് അദ്ധ്യാപകർ പറയുന്നത്. ഈ സാഹചര്യത്തിലാണ് രക്ഷകർത്താക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. മൂല്യനിർണയ ക്യാമ്പുകളുടെ പേരിൽ വിദ്യാർത്ഥികൾക്ക് പഠനം നിഷേധിക്കുന്നതിനെതിരെ മാതാപിതാക്കൾ വിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടുണ്ട്. മൂല്യനിർണയ ക്യാമ്പുകൾക്ക് പര്യാപ്തമല്ലാത്തതും സൗകര്യമില്ലാത്തതുമായ സ്‌കൂളുകളിൽ അവ നടത്തുന്നതെന്തിനെന്നാണ് രക്ഷിതാക്കളുടെ ചോദ്യം. സ്‌കൂളിലെ ഓഡിറ്റോറിയങ്ങളിലോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലെ ഹാളുകളിലോ മൂല്യനിർണയ ക്യാമ്പുകൾ നടത്താമെന്നിരിക്കെ വിദ്യാർത്ഥികളുടെ പഠനം തടസപ്പെടുന്നതിലെ ഔചിത്യവും ചോദ്യം ചെയ്യപ്പെടുകയാണ്.. വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് അനുസരിക്കുകമാത്രമാണ് ചെയ്യുന്നതെന്നും അദ്ധ്യാപകർക്കും പ്രിൻസിപ്പലിനും ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് സ്‌കൂൾ അധികൃതരുടെ ഭാഷ്യം.