ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിലെ മുതിർന്ന പൗരന്മാർക്ക് സൗജന്യ അപകട ഇൻഷ്വറൻസ് പദ്ധതിയുമായി കീഴ്മാട് പൗരസമിതിയും സീനിയർ സിറ്റിസൺ ഫോറവും. പഞ്ചായത്തിലെ 65 മുതൽ 70 വയസുവരെ പ്രായമായവർക്കായാണ് പദ്ധതി.

ഇൻഷ്വറൻസിന് അർഹരായവർ വയസ് തെളിയിക്കുന്ന തിരിച്ചറിയൽ കാർഡുമായി നാളെ വൈകിട്ട് 4.30ന് കീഴ്മാട് ബൈൻഡ് സ്‌കൂൾ ഹാളിൽ ചേരുന്ന സീനിയർ സിറ്റിസൺ ഫോറം സമ്മേളന വേദിയിലെത്തി പേര് രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പത്ത് വർഷത്തിലേറെയായി പ്രതിമാസം 86 പേർക്ക് 1000 രൂപ വീതം ജീവകാരുണ്യ സഹായം നൽകുന്നുണ്ട്. അർഹരായ വിദ്യാർത്ഥികൾക്ക് പുതിയ സ്‌കോളർഷിപ്പ് പദ്ധതി ആവിഷ്‌കരിക്കും. വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്വയം തൊഴിൽ ഉൾപ്പെടെ വിവിധ ശാക്തീകരണ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. പൗര സമിതിയുടെ വെബ് സൈറ്റ് അടുത്ത ദിവസം ഉദ്ഘാടനം ചെയ്യും.

നാളെ നടക്കുന്ന വിദ്യാഭ്യാസ അവാർഡ്ദാന സമ്മേളനം മുൻ ഹൈകോടതി ജഡ്ജിയും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്‌സ്മാനുമായ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും. അൻവർസാദത്ത് എം.എൽ.എ ഇൻഷൂറൻസ് പദ്ധതി ഉദ്ഘാടനവും സിനിമാതാരം ടിനി ടോം എസ്.എസ്.എൽ.സി, പ്ളസ് ടു അവാർഡ് വിതരണവും നിർവ്വഹിക്കും. പൗരസമിതി പ്രസിഡന്റ് അബൂബക്കർ ചെന്താര, സഹഭാരവാഹികളായ കെ.എം അബ്ദുൽകരീം, ജോസഫ് രിയാപ്പിള്ളി, എൻ.ഐ. രവീന്ദ്രൻ, രക്ഷാധികാരി പി.എ. മെഹബൂബ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.