
നെടുമ്പാശേരി: കനത്ത മഴയിൽ പെരിയാറും ചാലക്കുടിയാറും കരകവിഞ്ഞൊഴുകുമ്പോൾ കാർഷിക മേഖലയ്ക്കിത് കണ്ണീർക്കാലം. ഓണ വിപണി സ്വപ്നം കണ്ട് നട്ടുനനച്ചു വളർത്തിയ കൃഷിയെല്ലാം വെള്ളത്തിനടിയിലായി. നെടുമ്പാശേരി, കുന്നുകര, പാറക്കടവ്, ചെങ്ങമനാട് പഞ്ചായത്തുകളിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണുണ്ടായത്. നാശനഷ്ടങ്ങളുടെ കണക്ക് പ്രതിദിനം വർദ്ധിക്കുകയാണ്.
വാഴ, കപ്പ, പച്ചക്കറികൾ തുടങ്ങിയ കാർഷിക വിഭവങ്ങളാണ് വെള്ളത്തിനടിയിലായത്. നാശനഷ്ടം സംബന്ധിച്ച് വിവിധ കൃഷി ഭവനുകളുടെ നേതൃത്വത്തിൽ വിശദമായ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. കഴിഞ്ഞ ഞായറാഴ്ച്ച ഇത്തരത്തിൽ വെള്ളം കയറിയിരുന്നെങ്കിലും അത് ഒരു ദിവസം കൊണ്ട് തന്നെ ഇറങ്ങിയതോടെ ആശ്വാസമായിരുന്നു. എന്നാൽ ഇന്നലെ പെരിയാറിലും ചാലക്കുടി പുഴയിലും ഒരുപോലെ ജലനിരപ്പ് ഉയർന്നതോടെ വീണ്ടും കാർഷിക വിഭവങ്ങൾ വെള്ളത്തിനടിയിലായി. ഇരു പുഴകളിലും ഇനിയും ജലനിരപ്പ് ഉയരുമെന്ന റിപ്പോർട്ടുകൾ വന്നതോടെ ഒരു വിധം പാകമായ ഉത്പ്പന്നങ്ങൾ കൂട്ടത്തോടെ ശേഖരിച്ച് കിട്ടിയ വിലയ്ക്ക് വിറ്റഴിക്കുകയാണ്.
പെരിയാറിന്റെ തീരപ്രദേശമായ കീഴ്മാട്, ചൂർണിക്കര, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രദേശങ്ങളിലും സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. കൃഷി വകുപ്പിന്റെയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ പ്രദേശിക കൂട്ടായ്മകളാണ് ഭൂരിഭാഗവും തരിശായി കിടന്ന പാടശേഖരങ്ങളിൽ കൃഷിയിറക്കിയിട്ടുള്ളത്. സർക്കാരിന്റെ ജൈവകൃഷി പദ്ധതിയിൽപ്പെടുത്തിയായതിനാൽ ചിലവും കൂടുതലാണ്. ഈ സാഹചര്യത്തിൽ കൃഷി നശിച്ചാൽ വലിയ നഷ്ടം കർഷക കൂട്ടായ്മകൾക്കുണ്ടാകും. ഭാവിയിൽ കൃഷി ഉപേക്ഷിക്കാനും കാരണമാകും. കിടപ്പാടം ബാങ്കുകളിൽ പണയപ്പെടുത്തി പണം വായ്പയെടുത്ത് കൃഷിയിറക്കിയവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വിവിധ പഞ്ചായത്തുകളിലായി ഏക്കറ് കണക്കിന് കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാണ്. കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും റവന്യു - കൃഷി വകുപ്പ് അധികൃതർ സ്ഥലം സന്ദർശിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.