കൊച്ചി: അശ്രദ്ധമായ വണ്ടിയോടിക്കുകയും യാത്രാക്കാരിയോട്രോ അപമര്യാദയായി പെരുമാറുകയുംചെയ്ത രണ്ട് സ്വകാര്യ ബസ് ഡ്രൈവർമാരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. വൈക്കം സ്വദേശിയായ ജിഷ്ണു രാജാണ് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയത്. ഇയാളുടെ ലൈസൻസ് ആഗസ്റ്റ് നാല് മുതൽ ഒമ്പതു ദിവസത്തേയ്ക്ക് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം റദ്ദാക്കി.

വൈക്കം - ഇടക്കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ സ്ഥിരമായി യാത്ര ചെയ്തിരുന്ന യാത്രക്കാരി ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ വാഹനം മുന്നോട്ട് എടുത്തതിനെ ചോദ്യം ചെയ്തപ്പോൾ ഡ്രൈവർ അസഭ്യം പറഞ്ഞെന്നായിരുന്നു പരാതി.

എതിരെ വരുന്ന വാഹനങ്ങൾക്ക് തടസമായി ബസ് നിർത്തിയിട്ടതിനാണ് എറണാകുളം - കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ കൂത്താട്ടുകുളം സ്വദേശി റെജിയുടെ ലൈസൻസ് റദ്ദാക്കിയത്. ചോറ്റാനിക്കരയ്ക്കും മുളന്തുരുത്തി പള്ളിത്താഴത്തിനുമിടയിലുള്ള റെയിൽവേ ഗേറ്റ് അടഞ്ഞു കിടന്നിരുന്ന സമയത്തു പള്ളിത്താഴം ഭാഗത്ത് നീണ്ട വാഹനനിര ഉണ്ടായിട്ടും എതിർഭാഗത്തു നിന്ന് വാഹനങ്ങൾ വരുന്ന വഴിയിൽ ബസ് ഓടിച്ചുകയറ്റുകയും മറ്റു വാഹനങ്ങൾക്ക് തടസമുണ്ടാക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. ഇരു സംഭവങ്ങളിലും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ജി. അനന്തകൃഷ്ണനാണ് നടപടിയെടുത്തത്.