മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ മഴക്കെടുതിക്ക് ശമനമില്ല. ജനജീവിതം ദുഷ്കരമാക്കി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. മുൻ വർഷങ്ങളിൽ മഴക്കാലമാരംഭിച്ച് ആഴ്ചകൾ പിന്നിടുമ്പോഴാണ് മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടാകുന്നത്. എന്നാൽ ഇക്കുറി കർക്കടകത്തിന്റെ രണ്ടാം വാരത്തിൽ തന്നെ പുഴകൾ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
മേഖലയിലെ പ്രധാന പുഴകളെല്ലാം അപകടകരമാംവിധം നിറഞ്ഞ് ഒഴുകുകയാണ്. കിഴക്കൻ മേഖലയിൽ കനത്ത മഴയോ ഉരുൾ പൊട്ടലോ ഉണ്ടായാൽ സ്ഥിതി കൂടുതൽ വഷളാകും. കഴിഞ്ഞചൊവ്വാഴ്ചയാണ് കനത്ത മഴയെ തുടർന്ന് നഗരത്തിലെ താഴ്ന്ന പ്രദേശ
ങ്ങൾ വെള്ളത്തിലായത്. പിന്നീട് മഴ കുറഞ്ഞതോടെ വെള്ളം കുറച്ചിറങ്ങി. എന്നാൽ വീണ്ടും മഴ ശക്തമായതോടെ വ്യാഴാഴ്ച രാവിലെ മുതൽ മൂവാറ്റുപുഴയാറ്റിൽ ജലനിരപ്പ് ഉയർന്നു. വൈകിട്ടോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയായിരുന്നു. ഇലാഹിയ കോളനി, കാള ച്ചന്ത, കൊച്ചങ്ങാടി, ആനികാക്കൂടി കോളനി, പെരുമറ്റം വാലടിത്തണ്ട്, കൂൾമാരി, കുര്യൻമല,പള്ളിക്കാവ് റോഡ്, മുറിക്കൽ, കുര്യൻ മലത്താഴം, പ്രഷ്കോള, മൂഴിക്കൽ റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി. തൃക്ക, ആനച്ചാൽ റോഡുകളിലും വെള്ളംകയറി. തൊടുപുഴയാറിന് പുറമെ കാളിയാർ, കോതമംഗലം പുഴകളിലും ജലനിരപ്പ് ഉയർന്നിരുന്നു. പുതുതായി വെള്ളം കയറിയ ഫ്രഷ്കോള പ്രദേശത്തു നിന്ന് പുലർച്ചയോടെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ അടക്കം ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും കഴിയുന്നവർ വെള്ളം ഇറങ്ങിയെങ്കിലും വീടുകളിലേക്കു മടങ്ങാൻ തയ്യാറായിട്ടില്ല. പുഴകളിലെ ജലനിരപ്പ് താഴാത്തതാണ് ഇതിന് കാരണം.