
നെടുമ്പാശേരി: ശക്തമായ മഴയെ തുടർന്ന് നെടുമ്പാശേരി പഞ്ചായത്തിലെ മള്ളുശേരി ഭാഗത്തെ വിവിധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. താഴ്ന്ന പ്രദേശങ്ങളിലുള്ള നിരവധി വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. വെള്ളപ്പൊക്ക ബാധിത മേഖലകൾ അൻവർ സാദത്ത് എം.എൽ.എ സന്ദർശിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെസി ജോർജ്, അംഗം സി.ഒ. മാർട്ടിൻ എന്നിവരും എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു. കരക്കാട്ടുകുന്ന് സിയോൺ ഹാളിലെയും ചെങ്ങമനാട് ഹൈസ്‌കൂളിലെയും ദുരിതാശ്വാസ ക്യാമ്പുകളിൽ റെഡ് ക്രോസ് നൽകിയ പായകളും പുതപ്പുകളും എം.എൽ.എ വിതരണം ചെയ്തു.