കോലഞ്ചേരി: കുന്നത്തുനാട് നിയോജകമണ്ഡലത്തിൽ മഴുവന്നൂർ പഞ്ചായത്തിലെ കടയ്ക്കനാട്ടിലും പൂതൃക്ക പഞ്ചായത്തിലെ കറുകപ്പിള്ളിയിലും വെള്ളം കയറിയ പ്രദേശങ്ങൾ അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ സന്ദർശിച്ചു. കടയ്ക്കനാട് മാർത്തോമ എൽ.പി സ്‌കൂളിൽ മൂന്നു കുടുംബങ്ങളെയും കറുകപ്പിള്ളി യു.പി സ്‌കൂൾ ക്യാമ്പിൽ അഞ്ചു കുടുംബങ്ങളെയുമാണ് മാ​റ്റി താമസിപ്പിച്ചിട്ടുള്ളത്. കടയ്ക്കനാട് ക്യാമ്പിൽ പത്തുപേരും കറുകപ്പിള്ളി ക്യാമ്പിൽ 18 പേരുമുണ്ട്. ഡെപ്യൂട്ടി കളക്ടർ ബിന്ദു, കുന്നത്തുനാട് തഹസിൽദാർ വിനോദ് രാജ്, മഴുവന്നൂർ വില്ലേജ് ഓഫീസർ കെ.സി.ബാബു, ഐക്കരനാട് സൗത്ത് വില്ലേജ് ഓഫീസർ പി.കെ. സന്തോഷ് തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. വെള്ളം കയറിയ മേഖലയിൽ വ്യാപക കൃഷിനാശവുമുണ്ട്. കടക്കനാട് കുളങ്ങാട്ടിൽ കെ.ജെ. തോമസിന്റെ 2500ലധികം ചുവട് കപ്പക്കൃഷി നശിച്ചു. മഞ്ചനാട് താഴത്തെവീട്ടിൽ ഷാജി, പുല്ലാശേരി ജോഷി, തേൻകുന്നേൽ ശശി എന്നിവരുടെ വാഴ, ചേന, ചേമ്പ് കൃഷികൾ പൂർണമായും നശിച്ചു. മഴുവന്നൂർ, ഐക്കരനാട് പഞ്ചായത്തുകളിലാണ് വ്യാപക കൃഷിനാശമുണ്ടായത്.