
ആലുവ: ദേശീയപാതയിൽ ആലുവാ- പറവൂർ കവലയിൽ ഹൈവെ മെഡിക്കൽസിലുണ്ടായ അഗ്നിബാധയിൽ അരക്കോടി രൂപയുടെ നഷ്ടം. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. കടയുടെ ഷട്ടറിന് അടിയിൽ നിന്ന് പുക പുറത്തേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ടവർ ആലുവ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്.
വൈദ്യുതി ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 30 ലക്ഷം രൂപയുടെ മരുന്നുകൾ കത്തി നശിച്ചു. 20 ലക്ഷം രൂപ ചെലവ് വരുന്ന ഇന്റീരിയൽ സാധനങ്ങളും കത്തിനശിച്ചതായും സ്ഥാപനത്തിന്റെ പാർട്ട്ണർ പ്രകാശ് പറഞ്ഞു.