വൈപ്പിൻ: പള്ളിപ്പുറം പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ താത്കാലിക സ്റ്റാളുകളിൽ മുനമ്പം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് സ്‌ക്വാഡ് മിന്നൽ പരിശോധന നടത്തി. നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.
ഭക്ഷ്യ വിപണനവും പാക്കിംഗും നടത്തുന്ന ജീവനക്കാരെ ഹെൽത്ത് കാർഡ് ഇല്ലാതെ വിവിധ സ്ഥാപനങ്ങളിൽ കണ്ടെത്തി. ഇവ അടച്ചു പൂട്ടി. പല സ്ഥാപനങ്ങളിലും ഭക്ഷണസാധനങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിൽ തയ്യാറാക്കി വരുന്നതും പഴകിയ ഭക്ഷണം വില്പനക്കായി ശേഖരിച്ചുവച്ചിരുന്നതും പരിശോധനയിൽ കണ്ടെത്തി. ഇവ നശിപ്പിച്ചു.
ന്യൂനതകൾ പരിഹരിച്ച് തുടർ പരിശോധനയ്ക്ക് ശേഷം മാത്രമേ തുറന്നു പ്രവർത്തിക്കുവാൻ അനുമതി നൽകൂ.
പരിശോധനയ്ക്ക് മെഡിക്കൽ ഓഫീസർ ഡോ. കെ.ബി. ഷിനിൽ, അസി.സർജൻ ഡോ. അമൃത കുമാരൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ഇൻ ചാർജ് പി.ജി.ആന്റണി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മഹിത സേവ്യർ എന്നിവർ നേതൃത്വം നൽകി.