വൈപ്പിൻ: നായരമ്പലം പഞ്ചായത്തിൽ 'അറിവ്' ക്യാമ്പ് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മത്സ്യബന്ധനം, കടലിലെ സുരക്ഷ, വിവിധക്ഷേമ പദ്ധതികൾ, ലഹരി ഉപയോഗം, മത്സ്യ വിഭവ സംരക്ഷണവും സംസ്‌കരണവും തുടങ്ങിയ വിഷയങ്ങളിൽ ഫിഷറീസ് വകുപ്പിലെയും അനുബന്ധ ഏജൻസികളിലെയും പൊലീസ്, എക്‌സൈസ് വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം.ബി. ഷൈനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.പി. ഷിബു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി വർഗീസ്, വാർഡ് അംഗങ്ങളായ താര കൃഷ്ണ, എൻ. കെ. ബിന്ദു, കെ. ബി. പ്രമോദ്, എം. പി. ശ്യാംകുമാർ, ഫിഷറീസ് ജൂനിയർ സൂപ്രണ്ട് പി. സന്ദീപ്, എക്സ്റ്റൻഷൻ ഓഫീസർ കെ. ബി. സ്മിത എന്നിവർ പങ്കെടുത്തു.
പ്രതികൂല കാലാവസ്ഥയെത്തുടർന്ന് പങ്കെടുക്കാൻ കഴിയാത്ത മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേകം 'അറിവ്' ബോധവത്കരണ ക്യാമ്പ് നടത്തണമെന്ന ആവശ്യം ഫിഷറീസ് അധികൃതർ അംഗീകരിച്ചതായി എം.എൽ.എ. അറിയിച്ചു. അതത് പഞ്ചായത്തുകളിലെ ബോധവത്കരണ യജ്ഞത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർ പ്രത്യേക അവസരം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.