തൃക്കാക്കര: പ്രമുഖ കെട്ടിട നിർമ്മാതാക്കൾ പുറമ്പോക്ക് ഭൂമിയും പൊതുകാനയും കൈയേറി നിർമ്മാണം നടത്തുന്ന സംഭവം ചർച്ച ചെയ്യാൻ കൂടിയ നഗരസഭാ കൗൺസിൽ യോഗത്തിൽ ഭിന്നത. ചെയർപേഴ്സൺ അജിത തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് ഭരണകക്ഷിയായ യു.ഡി.എഫിലെ ഭിന്നത പുറത്തുവന്നത്.

നഗരസഭയുടെ ഒന്നാം വാർഡിലെ വിവാദ നിർമ്മാണം നിറുത്തിവയ്പിക്കണമെന്ന് ചെയർപേഴ്സൺ ആവശ്യപ്പെട്ടു. അങ്ങനെയൊരു തീരുമാനമെടുക്കാൻ കൗൺസിലിന് അധികാരമില്ലെന്ന് മുസ്ലിം ലീഗ് കൗൺസിലർ സജീന അക്ബർ പറഞ്ഞു. രേഖകൾ പരിശോധിച്ചശേഷം നടപടികൾ മതിയെന്നും അവർ അഭിപ്രായപ്പെട്ടു.

വാർഡ് ഓവർസിയറെ മറികടന്ന് മറ്റാരു ഓവർസിയറാണ് അനുമതി നൽകിയതെന്ന് ഇടത് കൗൺസിലർ എം.ജെ. ഡിക്സൺ പറഞ്ഞു. നഗരസഭയിലെ ഫയലുകൾ അനുസരിച്ചല്ല നിർമ്മാണം നടത്തുന്നതെന്ന് ഷാജി വാഴക്കാല പറഞ്ഞു.

അത്യാവശ്യ സാഹചര്യമില്ലാതെ യോഗം ചേർന്നതിനെ ലീഗ് കൗൺസിലർ ചോദ്യം ചെയ്തു. രേഖകൾ പരിശോധിക്കാതെ യോഗം വിളിച്ചത് പ്രഹസനമാണെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ റാഷിദ് ഉള്ളംപള്ളി പറഞ്ഞു. ചെയർപേഴ്സന്റെ നേതൃത്വത്തിൽ ആറംഗ സമിതി ഫയലുകൾ പരിശോധിച്ചശേഷം നിയമപരമായി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൈയ്യേറിയ ഒന്നരയേക്കർ പുറമ്പോക്ക് ഭൂമി പിടിച്ചെടുത്ത് ലൈഫ് പദ്ധതിയിൽപ്പെടുത്തി വീട് നിർമ്മിക്കണമെന്ന് ന് ജിജോ ചങ്ങംതറ ആവശ്യപ്പെട്ടു. പത്തോളം വാർഡുകളിലെ ഗ്രാമസഭകൾ തീരുമാനിക്കപ്പെട്ട ദിവസം അടിയന്തര കൗൺസിൽ വിളിച്ച് ഈ വിഷയം ചർച്ച ചെയ്യുന്നത് ഉചിതമായില്ലന്ന് രണ്ടാം വാർഡ് കൗൺസിലർ അജുനാ ഹാഷിം പറഞ്ഞു. ഗ്രാമസഭകൾ ഉള്ളതുകൊണ്ട് കൗൺസിൽ പങ്കെടുക്കാൻ കഴിയില്ല എന്ന് അറിയിച്ച് പത്തോളം കൗൺസിലർമാർ യോഗത്തിൽ നിന്ന് പുറത്തിറങ്ങി.

ആരോപണം പരിശോധിക്കാൻ രൂപീകരിച്ച ആറംഗ സമിതിയിൽ തന്നെയോ ലീഗ് കൗൺസിലർമാരെയോ ഉൾപ്പെടുത്താത്തതിൽ വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി പ്രതിഷേധിച്ചു.

സമിതി ഫയലുകൾ പരിശോധിച്ച് നിയമോപദേശം തേടിയശേഷം കോടതിയെ സമീപിക്കാൻ യോഗം തീരുമാനിച്ചു.

കൗൺസിൽ യോഗത്തിന്റെ അജണ്ട തയ്യാറാക്കിയത് തന്റെ അറിവോടെയല്ലെന്ന് സെക്രട്ടറി അനിൽകുമാർ പറഞ്ഞതിനെതിരെ ഭരണപക്ഷ കൗൺസിലർമാർ രംഗത്തുവന്നു.

നഗരസഭാ മാർക്കറ്റിൽ ഓണച്ചന്ത ആരംഭിക്കുന്നതിന് യോഗം തീരുമാനിച്ചു.