
പറവൂർ: ഖാദി തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം കുടിശിക ഉൾപ്പടെ ഓണത്തിന് മുമ്പ് നൽകുമെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡും ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫിസും ചേർന്ന് നടത്തുന്ന ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഹരി വിജയൻ ആദ്യവില്പന നടത്തി. സമ്മാന കൂപ്പൺ വിതരണോദ്ഘാടനം ഖാദി ബോർഡ് അംഗം കെ. ചന്ദ്രശേഖരനും ഡിസൈൻ വസ്ത്രങ്ങളുടെ ലോഞ്ചിംഗ് കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് അദ്ധ്യക്ഷ സോണി കോമത്തും ഗ്രാമവ്യവസായ ഉല്പന്നങ്ങളുടെ ആദ്യവില്പന അൽഷറഫ് ജുമാമസ്ജിദ് സെക്രട്ടറി ഇബ്രാഹിം കാക്സണും സിൽക്ക് വസ്ത്രങ്ങളുടെ ആദ്യ വില്പന സെന്റ് തോമസ് യാക്കോബായ പള്ളി മാനേജർ അഡ്വ. ഇ.ജെ. ജോൺസനും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, കെ.പി. ഗോപാല പൊതുവാൾ, പ്രൊജക്ട് ഓഫീസർ പി. അഷിത, വി. ഹരികുമാർ എന്നിവർ സംസാരിച്ചു. മേളയുടെ ഭാഗമായി ഖാദി ബോർഡിന്റെ പറവൂർ, പെരുമ്പാവൂർ കലൂർ എന്നിവിടങ്ങളിലെ വിപണന കേന്ദ്രങ്ങളിൽ നിന്ന് പൊതുജനങ്ങൾക്കു 30 ശതമാനം വരെ സർക്കാർ റിബേറ്റിൽ ഉത്പന്നങ്ങൾ വാങ്ങാം. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ വിപണന മേളകൾ സംഘടിപ്പിക്കും.