
ആലുവ: മഴ മാറി നിന്നെങ്കിലും പെരിയാറിലെ ജലനിരപ്പും ഉയർന്നും താഴ്ന്നും തുടരുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. വ്യാഴാഴ്ച്ച വൈകിട്ട് ഉയർന്ന ജലനിരപ്പ് ഇന്നലെ വീണ്ടും താഴ്ന്നു. മണപ്പുറം മഹാദേവ ക്ഷേത്രത്തിന്റെ മേൽകൂരയിൽ നിന്ന് മൂന്നടിയോളം താഴ്ന്നാണ് ഇന്നലെ വൈകിട്ടത്തെ പെരിയാറിലെ ജലനിരപ്പ്. വ്യാഴാഴ്ച്ച വൈകിട്ട് 3.1 മീറ്ററായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ മുതൽ വൈകിട്ട് വരെ മൂന്നു മീറ്ററായിരുന്നു. മഴയുണ്ടായില്ലെങ്കിലും പുഴയിൽ ഒഴുക്ക് കുറവായതാണ് ജലനിരപ്പ് താഴാതിരിക്കാൻ കാരണമായത്. ക്ഷേത്രത്തിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിൽ തന്നെയാണ്. പെരിയാറിൽ ചെളിയുടെ അളവ് കാര്യമായി കൂടിയില്ലെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു.