മട്ടാഞ്ചേരി: മട്ടാഞ്ചേരിയിലെ റേഷൻ കരിഞ്ചന്ത തടയുന്നതിൽ ഭക്ഷ്യവകുപ്പ് അലംഭാവം തുടരുമ്പോൾ പിടിമുറുക്കി പൊലീസ്. മൂന്ന് മാസത്തിനിടെ പൊലീസ് നടത്തിയ പരിശോധനയിൽ നാലു കേസുകളിലായി നൂറു കണക്കിന് ചാക്ക് റേഷൻ ധാന്യങ്ങൾ പിടിച്ചെടുത്തിരുന്നു. ധാന്യക്കടത്തിന് പിടിയിലായവരെല്ലാം റിമാൻഡിലാണ്.
നാട്ടുകാർ പിടികൂടി ഭക്ഷ്യ വകുപ്പ് അധികൃതർക്ക് കൈമാറുന്ന കേസുകളിൽ പ്രതികൾ രക്ഷപെടുകയായിരുന്നു പതിവ്. ഈ സാഹചര്യത്തിൽ
റേഷൻ കരിഞ്ചന്ത തടയാൻ ജാഗ്രതയോടെയാണ് മട്ടാഞ്ചേരി അസി.കമ്മിഷണർ വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ പൊലീസ് പ്രവർത്തിക്കുന്നത്.
മട്ടാഞ്ചേരി കപ്പലണ്ടിമുക്കിലെ റേഷൻ കടയിൽ നിന്ന് കടത്താൻ ശ്രമിച്ച ധാന്യമാണ് പൊലീസ് ആദ്യം പിടികൂടിയത്. പിന്നാലെ, ചുള്ളിക്കൽ അഗസ്റ്റിൻ റോഡിലുള്ള ഗോഡൗൺ, പള്ളുരുത്തിയിലെ ഗോഡൗൺ എന്നിവിടങ്ങളിൽ നിന്ന് റേഷൻ ധാന്യം പിടിച്ചെടുത്തു. കഴിഞ്ഞ ബുധനാഴ്ച കൂവപ്പാടത്തെ ഗോഡൗണിൽ നിന്നും വ്യാഴാഴ്ച ഈരവേലിയിലെ വീട്ടിൽ നിന്നും റേഷൻ ധാന്യം പിടിച്ചെടുത്തു. കൂവപ്പാടത്ത് റേഷൻ ധാന്യം അനധികൃതമായി സൂക്ഷിച്ച കെട്ടിടം വാടകയ്ക്കെടുത്ത മട്ടാഞ്ചേരി സ്വദേശി സുധീറിനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
റേഷൻ കടകളിൽ നിന്ന് അനധികൃതമായി ശേഖരിച്ച അരി, ഗോതമ്പ് എന്നിവയാണ് പൊലീസ് കണ്ടെടുത്തത്. റേഷൻ കടകളിൽ നിന്ന് കടത്തി ഗോഡൗണുകളിലെത്തിച്ചശേഷം സപ്ലൈകോയുടെ ചാക്കിൽ നിന്ന് മാറ്റി, പ്രോസസിംഗ് കേന്ദ്രങ്ങളിൽ എത്തിച്ചാണ് തട്ടിപ്പ്. ഇതിനായി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വൻ മാഫിയപ്രവർത്തിക്കുന്നുണ്ട്. റേഷൻ കരിഞ്ചന്ത തടയാൻ
ഭക്ഷ്യ വകുപ്പ് കാര്യമായ പരിശോധന നടത്തുന്നില്ലെന്നതാണ് യാഥാർത്ഥ്യം. സിറ്റി റേഷനിംഗ് ഓഫീസ് പരിധിയിൽ ഉദ്യോഗസ്ഥരുടെ പതിവ് പരിശോധന കാലങ്ങളായി നടക്കാത്തതാണ് കരിഞ്ചന്തയ്ക്ക് കാരണമായതെന്നാണ് ആക്ഷേപം.