തൃപ്പൂണിത്തുറ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ ഭാഗമായി ഹിൽപാലസ് മ്യൂസിയം അങ്കണത്തിൽ 'ഗാന്ധിജിയും കേരളത്തിലെ ദേശീയ പ്രസ്ഥാനവും' എന്ന വിഷയത്തിൽ പുരാവസ്തു വകുപ്പ് സെമിനാറും വിവിധ പരിപാടികളും സംഘടിപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് 2ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ് എം.എൽ.എ. അദ്ധ്യക്ഷനാകും. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ്, കൗൺസിലർ സി.കെ.ഷിബു, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ എന്നിവർ സംസാരിക്കും. മൂന്ന് മണിക്ക് നടക്കുന്ന സെമിനാറിൽ ഡോ. സെബാസ്റ്റ്യൻ പോൾ വിഷയം അവതരിപ്പിക്കും. പൈതൃക പഠനകേന്ദ്രം ഡയറക്ടർ ജനറൽ ഡോ. എം.ആർ. രാഘവ വാരിയർ അദ്ധ്യക്ഷനാകും. തുടർന്ന് 'ഗാന്ധിജിയുടെ കേരള പര്യടനം' എന്ന വിഷയത്തെ പ്രമേയമാക്കി എറണാകുളം സെന്റ്. തേരേസാസ് കോളേജ് വിദ്യാർത്ഥിനികൾ അവതരിപ്പിക്കുന്ന രംഗാവിഷ്കാരം ഉണ്ടാകും. പുരാവസ്തു വകുപ്പ് എഡ്യുക്കേഷൻ ഓഫീസർ കെ.വി. ശ്രീനാഥ് നന്ദി രേഖപ്പെടുത്തും.