
കൊച്ചി: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രാദേശിക കേന്ദ്രം തൃപ്പൂണിത്തുറ ഗവ. കോളേജിൽ തുറന്നു. 12 അണ്ടർ ഗ്രാജുവേറ്റ് കോഴ്സുകളും അഞ്ച് പി.ജി. കോഴ്സുകളും യു.ജി.സിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടെന്നും അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് കോഴ്സുകൾ ആരംഭിക്കുമെന്നും കേന്ദ്രം ഡയറക്ടർ പ്രൊഫ. ടോജോമോൻ മാത്യു പറഞ്ഞു. ആഗസ്റ്റ് 17ന് യു.ജി.സി സംഘം കൊല്ലത്തെ സർവകലാശാലാ ആസ്ഥാനം സന്ദർശിക്കുന്നുണ്ട്. ഇതിന് ശേഷമാകും കോഴ്സുകൾക്ക് അംഗീകാരം ലഭിക്കും.
• നാല് പ്രാദേശിക കേന്ദ്രങ്ങൾ
എറണാകുളം, തൃശൂർ, കോഴിക്കോട്, തലശേരി എന്നിവിടങ്ങളിലായി സംസ്ഥാനത്ത് നാല് പ്രാദേശിക കേന്ദ്രങ്ങളാണ് ആരംഭിക്കുക. എറണാകുളം കേന്ദ്രത്തിന് കീഴിൽ എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളാണുള്ളത്. ഓൺലൈൻ അപേക്ഷയാണ് സമർപ്പിക്കേണ്ടതെങ്കിലും അഡ്മിഷൻ നടപടിക്രമങ്ങൾ പ്രാദേശിക കേന്ദ്രങ്ങൾ വഴിയാണ് നടക്കുക.
• നാല് പഠന കേന്ദ്രങ്ങൾ
എറണാകുളം പ്രാദേശിക കേന്ദ്രത്തിന് കീഴിൽ നാല് ലേണേഴ്സ് സപ്പോർട്ട് സെന്ററുകൾ ഉണ്ടാകും. തൃപ്പൂണിത്തുറ ഗവ.കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവ ജില്ലയിൽ തന്നെയാണ്. ഒന്ന് വീതം നാട്ടകം ഗവ. കോളേജ്, അമ്പലപ്പുഴ ഗവ. കോളേജിലും പ്രവർത്തിക്കും. യൂണിവേഴ്സിറ്റിയുടെ കോൺടാക്ട് ക്ളാസുകൾ ഈ സെന്ററുകളിലാകും നടക്കുക.
• എല്ലാ സർക്കാർ കോളേജുകളും ലേണേഴ്സ് സെന്റർ
കേരളത്തിലെ എല്ലാ സർക്കാർ കോളേജുകളും ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ലേണേഴ്സ് സപ്പോർട്ട് സെന്ററുകളാക്കി സർക്കാർ ഉത്തരവിറക്കി. അതത് കോളേജുകളിലെ അദ്ധ്യാപകർ ക്ളാസെടുക്കും. ആവശ്യമെങ്കിൽ പുറത്തുനിന്നുള്ള അദ്ധ്യാപകരും ഉണ്ടാകും. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ അംഗീകൃത കോഴ്സുകൾ തന്നെ സർക്കാർ കോളേജുകളിൽ പഠിപ്പിക്കുന്നുണ്ടെങ്കിൽ അവിടെയെല്ലാം ഇതേ കോഴ്സുകളും നടത്തും.
തൃപ്പൂണിത്തുറ ഗവ. കോളേജിലെ മൂന്നാം നിലയിലാണ് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രാദേശിക കേന്ദ്രം. നിലവിൽ കേന്ദ്രം ഡയറക്ടർ മാത്രമാണുള്ളത്. മറ്റ് സ്റ്റാഫുകളെ ഉടനെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കും. ഫോൺ: 94474 19840, 0484 2927436. വെബ് : www.sgou.ac.in
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പ്രാദേശിക കേന്ദ്രത്തിന്റെ ഉദ്ഘാടനം തൃപ്പൂണിത്തുറ ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.ലക്ഷ്മി നിർവഹിച്ചു. വാർഡ് കൗൺസിലർ ഡി.അർജുനൻ, പി.ടി.എ സെക്രട്ടറി പ്രൊഫ.അജീഷ് അബു, ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ.ബിജു ഗോപാൽ തുടങ്ങിയവർ സംസാരിച്ചു.