കൊച്ചി: വലിപ്പച്ചെറുപ്പംനോക്കാതെ എല്ലാവരോടും ഒരുപോലെ ഇടപഴകിയിരുന്ന വ്യക്തിയായിരുന്നു ജോർജ് ഈഡനെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. വേദിയിൽ എന്തും പറയാനുള്ള സ്വാതന്ത്യം ജനങ്ങളിൽനിന്ന് ലഭിച്ചിട്ടുള്ള അദ്ദേഹം തനിക്കെന്നും സ്നേഹപൂർണമായ ഓർമ്മയാണ്. 19-ാമത് ജോർജ് ഈഡൻ അനുസ്മരണയോഗം എറണാകുളം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർഷങ്ങൾക്കുമുമ്പ് ഒരു സുഹൃത്തിന്റെ വീട്ടിലെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയിരുന്നു. നേരം വൈകിയാണ് എത്തിയത്. മുകളിലെ നിലയിൽനിന്ന് അപ്പോൾ കുട്ടനാടൻ പുഞ്ചയിലേ എന്ന പാട്ട് കേൾക്കുന്നുണ്ടായിരുന്നു. പരിചയമുള്ള ശബ്ദമാണല്ലോയെന്ന് മനസിൽ വിചാരിച്ച് അവിടേയ്ക്ക് ചെല്ലുമ്പോൾ തലയിലൊരു കെട്ടെല്ലാംകെട്ടി പാട്ടിന് മുന്നിൽനിന്ന് നേതൃത്വം നൽകി നൽക്കുകയായിരുന്നു ജോർജ് ഈഡൻ. ജനങ്ങളുമായി അത്രയ്ക്ക് അടുപ്പം അദ്ദേഹം പുലർത്തിയിരുന്നു. ഇന്ന് ഒരു എം.എൽ.എയ്ക്ക് ഇങ്ങിനെ ചെയ്യാനാകുമെന്ന് കരുതുന്നില്ലെന്നും ഈഡന്റെ ഓർമ്മകൾ പങ്കുവച്ച് പ്രതിക്ഷനേതാവ് പറഞ്ഞു.
ജനപ്രിയനായ പൊതുപ്രവർത്തകനായിരുന്നു ജോർജ് ഈഡനെന്ന് മുൻ മന്ത്രി എസ്. ശർമ്മ അനുസ്മരിച്ചു. മരണംവരെയും അദ്ദേഹം ഗ്രാമീണരീതി പിന്തുടർന്നിരുന്നു. സ്വതസിദ്ധമായ ശൈലിയുള്ള സംസാരമെല്ലാം അദ്ദേഹത്തിനെ വേറിട്ടുനിറുത്തി. എന്നാൽ വിട്ടുവീഴ്ചയില്ലാത്ത നേതാവായിരുന്നു ഈഡനെന്നും ശർമ്മ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. മുൻമന്ത്രി കെ. ബാബു, മുൻ എം.പി കെ.പി. ധനപാലൻ, യു.ഡി.എഫ് ജില്ലാ കൺവീനർ ഡൊമിനിക്ക് പ്രസന്റേഷൻ, മുൻ എം.എൽ.എ വി.പി. സജീന്ദ്രൻ, റോജി എം. ജോൺ എം.എൽ.എ, മുഹമ്മദ് കുട്ടി, ദീപ്തി മേരി വർഗീസ്, മുൻ മേയർ ടോണി ചമ്മിണി, ജെയ്സൺ ജോസഫ്, അന്ന ഹൈബി ഈഡൻ എന്നിവർ സന്നിഹിതരായിരുന്നു.