
കൊച്ചി: മാദ്ധ്യമങ്ങളെ പോലും ഭയത്തിലാഴ്‌ത്തുന്ന സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.സീനിയർ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാർത്ത എഴുതിയാൽ നടപടിയെടുക്കുമോയെന്ന ഭീതി സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.ജനാധിപത്യത്തിന്റെ നാലാം തൂൺ എന്നതിൽ നിന്ന് ചില മാദ്ധ്യമങ്ങൾ എക്‌സിക്യുട്ടിവ് മീഡിയ എന്ന നിലയിലേക്ക് മാറ്റപ്പെട്ടു.ദേശീയ മാദ്ധ്യമങ്ങളിലൂടെ നേർചിത്രങ്ങളല്ല ലഭിക്കുന്നത്.സ്വതന്ത്ര മാദ്ധ്യമമെന്ന നിലയിൽ പ്രവർത്തിക്കുന്ന അധികം സ്ഥാപനങ്ങൾ ഇപ്പോഴില്ല.നിയമനിർമ്മാണ സഭകളും അത്തരത്തിൽ മാറ്റപ്പെട്ടിരിക്കുകയാണ്.പ്രധാന നിയമങ്ങളൊക്കെ രാജ്യസഭയിൽ പോകാതെ ഫിനാൻസ് ബില്ലാക്കുന്നത് അതിനുദാഹരണമാണ്.
മാദ്ധ്യമപ്രവർത്തകർക്കുള്ള സുരക്ഷാ സംവിധാനങ്ങളിലും പെൻഷൻ കാര്യങ്ങളിലും സംസ്ഥാന സർക്കാരിന് അനുകൂല നിലപാടുള്ളത്.മുതിർന്ന മാദ്ധ്യമ പ്രവർത്തകരുടെ ആവശ്യങ്ങളിൽ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
സീനിയർ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എസ്.ആർ.ശക്തിധരൻ അദ്ധ്യക്ഷത വഹിച്ചു.വർക്കിംഗ് പ്രസിഡന്റ് കെ. ജനാർദ്ദനൻ നായർ സന്നിഹിതനായിരുന്നു.മേയർ അഡ്വ.എം.അനിൽകുമാർ,കെ.യു.ഡബ്ലിയു.ജെ നിയുക്ത സംസ്ഥാന പ്രസിഡന്റ് വി.എം.വിനീത,പി.എ.അലക്‌സാണ്ടർ എന്നിവർ സംസാരിച്ചു.