കൊച്ചി: മാസ്കും സാനിറ്റൈസറും നിർബന്ധമാക്കിയ സർക്കാർ ഉത്തരവിനോട് തണുപ്പൻ പ്രതികരണം. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലത്തും മാസ്ക് നിർബന്ധമാക്കിയ നടപടി ആറ് മാസത്തേക്കുകൂടി ദീർഘിപ്പിച്ച് വെള്ളിയാഴ്ചയാണ് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ ഉത്തരവിറങ്ങി 24 മണിക്കൂർ കഴിഞ്ഞിട്ടും പൊതുജനങ്ങൾ കാര്യമായെടുത്തിട്ടില്ല. സർക്കാർ നിർദേശം ജനങ്ങളിലെത്തിക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് ശ്രമമുണ്ടായിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.സാധാരണയായി കൊവിഡ് മാനദണ്ഡങ്ങൾ സംബന്ധിച്ച മുന്നറിയിപ്പുകൾ യഥാസമയം നൽകാറുണ്ട്. എന്നാൽ ഇക്കുറി പൊലീസ് അടക്കമുള്ളവരുടെ ഭാഗത്ത് നിന്ന് മുന്നറിയിപ്പുണ്ടായിരുന്നില്ല.
വാഹനങ്ങളിലും പൊതുസ്ഥലത്തും തിരക്കുള്ള മാർക്കറ്റുകളിലുമുൾപ്പെടെ മാസ്ക് ധരിക്കാത്തവരുടെ എണ്ണം കൂടുകയാണ്. താടിയിലും കാതിലുമൊക്കെ മാസ്ക് തൂക്കി നടക്കുന്നവരുമുണ്ട്. കടകളിലും പൊതുസ്ഥാപനങ്ങളിലും സാനിറ്റൈസറുകൾ വയ്ക്കണമെന്ന നിർദേശവും കുറച്ചിടങ്ങളിൽ മാത്രമേ പാലിയ്ക്കപ്പെടുന്നുള്ളു.
പ്രതിദിന കൊവിഡ് രോഗികളുടെ കണക്ക് പുറത്തുവിടുന്നത് സർക്കാർ നിറുത്തലാക്കിയപ്പോൾ തന്നെ ബഹുഭൂരിപക്ഷംപേരും സാനിറ്റൈസറും മാസ്കും ഉപേക്ഷിച്ചിരുന്നു. പൊതു ഇടങ്ങളിലും ആശുപത്രികളിലും ഉൾപ്പെടെ പേരിന് സാനിറ്റൈസർ ബോട്ടിൽ വച്ചിട്ടുണ്ടെങ്കിലും അത് ഉപയോഗിക്കുന്നവർ വിരളമാണ്.
ചില സ്ഥാപനങ്ങളിലെ ബോട്ടിൽ ശൂന്യമാണെന്ന് മാത്രമല്ല, ഓട്ടോമാറ്റിക് സ്പ്രെയറുകളുകൾ നോക്കുകുത്തിയാവുകയും ചെയ്തു. അപ്പോഴാണ് വീണ്ടും മാസ്ക് നിർബന്ധമാക്കിയെന്ന വാർത്ത വരുന്നത്. അതേസമയം, കഴിഞ്ഞ 20 ദിവസത്തിനിടെ കൊവിഡ് പോസിറ്റീവ് കേസുകൾ കുറയുന്നതായാണ് ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റ് പറയുന്നത്. ജൂലായ് 15 ന് സംസ്ഥാനത്ത് 2871 പേർക്കാണ് കൊവിഡ് പോസിറ്റീവ് ആയതെങ്കിൽ ഈ മാസം 5ന് 1113 പേർക്കുമാത്രമേ രോഗം സ്ഥിരീകരിച്ചുള്ളൂ.
സാനിറ്റൈസറുകളില്ലാതെ എ.ടി.എം
വൈറസ് വ്യാപന സാദ്ധ്യത ഏറെയുള്ള ബാങ്ക് എ.ടി.എമ്മുകളിൽ സാനിറ്റൈസറുകൾ ഉള്ളവ വിരളം. മുമ്പ് എല്ലാ ബാങ്കുകളും കൃത്യമായി എ.ടി.എമ്മുകളിൽ സാനിറ്റൈസർ ലഭ്യമാക്കിയിരുന്നു. ആ സമ്പ്രദായം ഇപ്പോഴില്ല. ഇടുങ്ങിയ മുറികളിലെ എ.ടി.എം കൗണ്ടറുകളിൽ പലതിലും കാലിക്കുപ്പികളാണ് ഇടപാടുകാരെ കാത്തിരിക്കുന്നത്.
ആഗസ്റ്റ് 1 മുതൽ 6 വരെ സംസ്ഥാനത്തെ കൊവിഡ് കണക്ക്
ആഗസ്റ്റ് - 1: 1057
2: 1449
3: 1364
4: 1303
5: 1113