court

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ വിചാരണ നടത്താൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് നിയമപരമായി കഴിയില്ലെന്ന് വ്യക്തമാക്കി പ്രോസിക്യൂഷനും അതിജീവിതയും കോടതിയിൽ അപേക്ഷനൽകി. ഇതിൽ പ്രതികളടക്കമുള്ള മറ്റുകക്ഷികൾക്ക് വാദം അറിയിക്കാൻ സമയംനൽകി പ്രിൻസിപ്പൽ സെഷൻസ് കോടതി കേസ് ആഗസ്റ്റ് 11ലേക്ക് മാറ്റി. കേസിന്റെ വിചാരണ എറണാകുളം സ്പെഷ്യൽ അഡി. സെഷൻസ് കോടതിയിൽനിന്ന് മാറ്റിയതിനെതിരെയാണ് ഇരുവരും അപേക്ഷ നൽകിയത്.

2019ൽ ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് വിചാരണ സ്പെഷ്യൽ അഡി. സെഷൻസ് കോടതിയിലേക്ക് മാറ്റിയതെന്നും ഹൈക്കോടതിയുടെ ജുഡിഷ്യൽ ഉത്തരവില്ലാതെ മറ്റൊരു കോടതിയിലേക്ക് വിചാരണമാറ്റാൻ കഴിയില്ലെന്നുമാണ് പ്രോസിക്യൂഷന്റെയും അതിജീവിതയുടെയും വാദം. വിചാരണ പുനരാരംഭിക്കുന്നതിനുമുമ്പ് ഏതുകോടതിയിൽ വിചാരണ നടത്തുമെന്നതിൽ വ്യക്തതവരുത്തണമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ടു.

2018 മാർച്ചിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ തുടങ്ങിയത്. വനിതാജഡ്ജിയുള്ള കോടതിയിൽ വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിൽ കേസ് സ്പെഷ്യൽ അഡി. സെഷൻസ് കോടതിയിലേക്ക് മാറ്റാൻ ജസ്റ്റിസ് രാജ വിജയരാഘവൻ 2019 ഫെബ്രുവരി 25ന് ഉത്തരവിട്ടു. തുടർന്നാണ് ഹണി എം. വർഗീസ് ജഡ്ജിയായ സ്പെഷ്യൽ അഡി. സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. ഹണി എം. വർഗീസിന് പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചപ്പോഴും ഈ കോടതിയുടെ ചുമതലയുണ്ടായിരുന്നതിനാൽ വിചാരണ ഇവിടെ തുടർന്നു. ഈ കോടതിയിലേക്ക് പുതിയ ജഡ്ജിയെ നിയമിച്ചതോടെ കേസ് ഹണി എം. വർഗീസ് ജഡ്ജിയായ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റി. ഇതിനെയാണ് അതിജീവിതയും പ്രോസിക്യൂഷനും എതിർക്കുന്നത്. നിലവിലെ വിചാരണക്കോടതിയുടെ നടപടികളിൽ അതിജീവിത അതൃപ്തി രേഖപ്പെടുത്തി പരാതി നൽകിയിട്ടുമുണ്ട്.

 അതിജീവിതയുടെ അപേക്ഷയിൽ തീരുമാനമായില്ല

ഹണി എം. വർഗീസിന്റെ കോടതിയിൽനിന്ന് വിചാരണ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതി രജിസ്ട്രിക്ക് നൽകിയ അപേക്ഷയിൽ ഇനിയും തീരുമാനമെടുത്തിട്ടില്ല. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട സമിതി അപേക്ഷ പരിഗണിച്ചാണ് തീരുമാനമെടുക്കേണ്ടത്.