petrol

കൊച്ചി: മുൻകൂർ പണമടച്ചാലും ആവശ്യത്തിനനുസരിച്ച് പെട്രോൾ പമ്പുകളിലേക്ക് സ്‌റ്റോക്ക് നൽകാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ തയ്യാറാകാത്തതിനാൽ സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിതരണം താറുമാറായി. പല പമ്പുകളും നേരത്തേ അടയ്ക്കുകയാണ്. ദിവസം മുഴുവൻ അടച്ചിടുന്നവയുമുണ്ട്.

രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയർന്നെങ്കിലും ആനുപാതികമായി ഇന്ത്യയിൽ പെട്രോൾ, ഡീസൽവില വർദ്ധിപ്പിക്കാൻ കേന്ദ്ര സമ്മർദ്ദംമൂലം എണ്ണക്കമ്പനികൾക്ക് കഴിഞ്ഞിട്ടില്ല. അടുത്തിടെ എക്‌സൈസ് നികുതി വെട്ടിക്കുറച്ചതും തിരിച്ചടിയായി. 120 ദിവസമായി പെട്രോൾ,​ ഡീസൽവില മാറ്റമില്ലാതെ തുടരുകയാണ്.

പെട്രോളിനും ഡീസലിനും ലിറ്ററിന് പത്തുരൂപയിലേറെ നഷ്ടം എണ്ണക്കമ്പനികൾ നേരിടുന്നുണ്ട്. ഇതുമൂലമാണ് പമ്പുകൾക്ക് സ്‌റ്റോക്ക് നിഷേധിക്കുന്നത്.

ബി.പി.സി.എൽ., എച്ച്.പി.സി.എൽ., ഇന്ത്യൻ ഓയിൽ പമ്പുകളിൽ പ്രതിസന്ധിയുണ്ടെന്ന് ഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ പെട്രോളിയം ഫെഡറേഷൻ ദേശീയ വൈസ് പ്രസിഡന്റ് ആർ.ശബരിനാഥ് 'കേരളകൗമുദി"യോട് പറഞ്ഞു.

ഓരോ പമ്പിലും എത്ര സ്റ്റോക്കുണ്ടെന്ന് എണ്ണവിതരണ കമ്പനികൾക്ക് സോ‌ഫ്റ്റ്‌വെയറിൽ അറിയാനാകും. ഇതുവിലയിരുത്തിയായിരുന്നു നേരത്തേ ഇന്ധന വിതരണം. ഇപ്പോൾ മുൻകൂർ പണമടച്ചാലും സ്‌റ്റോക്ക് നൽകാൻ എണ്ണക്കമ്പനികൾ തയ്യാറാകാത്തതാണ് പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു.

വിതരണം തോന്നുംപടി

മുമ്പ് സ്റ്റോക്ക് പമ്പിലെത്തുമ്പോൾ പണം അടച്ചാൽ മതിയായിരുന്നു. ഇപ്പോൾ മുൻകൂർ പണം അടച്ചാലേ പെട്രോളും ഡീസലും പമ്പുകളിൽ എത്തൂ. അതും ഓരോ പമ്പിലെയും വില്പനയ്ക്ക് ആനുപാതികമായി മാത്രം.

സംസ്ഥാനത്തെ പമ്പുകൾ

ആകെ : 4,​200

ഐ.ഒ.സി : 52%

ബി.പി.സി.എൽ : 25%

എച്ച്.പി.സി.എൽ : 23%

സ്വകാര്യം : 2%

 പൊതുമേഖലാ എണ്ണക്കമ്പനികൾ ക്രൂഡോയിൽ വില വർദ്ധനയ്ക്ക് അനുസരിച്ച് റീട്ടെയിൽ വില കൂട്ടാത്തതിനാൽ റിലയൻസ്, നയാര പോലെയുള്ള സ്വകാര്യ പെട്രോൾ പമ്പുകളും പ്രതിസന്ധിയിലായി. ഏകപക്ഷീയമായി വിലകൂട്ടിയാൽ ഉപഭോക്താക്കൾ കൈവിടുമെന്നതാണ് തിരിച്ചടി. പല സ്വകാര്യ പമ്പുകളും പ്രവർത്തനം നിറുത്തിയിട്ടുമുണ്ട്.

''നിലവിൽ പമ്പുകൾ പൂർണമായി അടച്ചിടേണ്ടത്ര പ്രതിസന്ധിയില്ല. എങ്കിലും,​ വില്പന സാധാരണ നിലയിലെത്താൻ മാസങ്ങളെടുത്തേക്കും""

ആർ. ശബരിനാഥ്,​

ദേശീയ വൈസ് പ്രസിഡന്റ്,​

ഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ പെട്രോളിയം ഫെഡറേഷൻ