y-con

നെടുമ്പാശേരി: ദേശീയപാതയിലെ കുഴിയിൽ വീണ ബൈക്ക് യാത്രികൻ പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി ഹാഷിം (52) എതിർദിശയിൽ നിന്ന് വന്ന അഞ്ജാത വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ദേശീയപാത അധികൃതർക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു. ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, എ.ഐ.വൈ.എഫ് പ്രവർത്തകരമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

പ്രതിപക്ഷനേതാവ്, എം.പി, എം.എൽ.എ എന്നിവരും ദേശീയപാതാ അധികൃതർക്കെതിരെ രംഗത്തെത്തി.

കുഴിയടക്കാനെത്തിയവരെ

തടഞ്ഞ് സി.പി.ഐ

സംഭവം അറിഞ്ഞ് ആദ്യം സ്ഥലത്തെത്തിയ സി.പി.ഐ - എ.ഐ.വൈ.എഫ് പ്രവർത്തകരാണ് റോഡ് ഉപരോധം ആരംഭിച്ചത്. പിന്നാലെ നെടുമ്പാശേരി പൊലീസ് എത്തി പ്രതിഷേധക്കാരെ നീക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടയിൽ ദേശീയപാത അധികാരികൾ നിർദ്ദേശിച്ചതനുസരിച്ച് മൂന്ന് പേർ കുഴികളടക്കാനെത്തി. നാട്ടുകാർ അറ്റക്കുറ്റപ്പണി തടഞ്ഞതിനൊപ്പം ഉദ്യോഗസ്ഥർ എത്തണമെന്നാവശ്യപ്പെട്ട് കരാറുകാരന്റെ വാഹനം തടഞ്ഞിട്ടു. തുടർന്ന് പൊലീസുമായി നടത്തിയ ചർച്ച ജില്ലാ പൊലീസ് മേധാവിയുടെ സാന്നിദ്ധ്യത്തിൽ വീണ്ടും ചർച്ച നടത്താമെന്ന് അറിയിച്ചതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

യൂത്ത് കോൺഗ്രസ്

ഹൈവേ ഉപരോധിച്ചു

ദേശീയപാതാ അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അടിയന്തരമായി റോഡിലെ മരണ കുഴികൾ മുഴുവൻ അടയ്ക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ദേശീയപാത ഉപരോധിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം.ജെ. ജോമി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എ. ചന്ദ്രൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെകട്ടറി ലിന്റോ പി. ആന്റോ, പി.എച്ച്. അസ്ലം, എ.കെ ധനേഷ്, സി.വൈ. ശാബോർ, ഷിബു മൂലൻ, ജോസ് പി വർഗീസ്, ജോബി നെൽക്കര, മാർട്ടിൻ മള്ളുശ്ശേരി, ഏയ്‌ജോ വർഗീസ്, പി.ജെ ജോയ്, എ.ഒ. എൽദോ തുടങ്ങിയവർ നേതൃത്വം നൽകി.

ഡി.വൈ.എഫ്.ഐ

വാഴനട്ടു

ബൈക്ക് യാത്രികന്റെ ജീവനെടുത്ത കുഴിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വാഴനട്ടു. ഇന്നലെ രാവിലെയാണ് ഡി.വൈ.എഫ്.ഐ നെടുമ്പാശേരി മേഖലാ കമ്മിറ്റിയുടെയും സി.പി.എം ലോക്കൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ദേശീയപാതാ അധികൃതർക്കെതിരെ വാഴ നട്ട് പ്രതിഷേധിച്ചത്.

പുതിയ കരാറുകാരൻ

വേണമെന്ന് എം.പി

ദേശീയപാതയിലെ അപകടങ്ങൾ ഒഴിവാക്കുന്നതിന് കർശന നടപടിയെടുക്കണമെന്നും നെടുമ്പാശേരി ദേശീയപാതയിലെ നിലവിലെ കരാറുകാരനെ റിസ്‌ക്ക് ആൻഡ് കോസ്റ്റിൽ ഒഴിവാക്കി, പുതിയ കരാറുകാരനെ നിയോഗിക്കണമെന്നും ബെന്നി ബെഹനാൻ എം.പി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. മരിച്ച ഹാഷിമിന്റെ കുടുംബത്തിന് അടിയന്തര നഷ്ട്ടപരിഹാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

നരഹത്യയ്ക്ക്

കേസെടുക്കണം

നിരന്തരമാവശ്യപ്പെട്ടിട്ടും റോഡ് അറ്റകുറ്റപ്പണി നടത്താതെ മദ്ധ്യവയസ്കന്റെ ജീവൻ നഷ്ടപ്പെടുത്തിയ ദേശീയപാത ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് റൂറൽ എസ്.പിക്ക് കത്തു നൽകി.