മൂവാറ്റുപുഴ: കോൺഗ്രസ് വനിതാ കൗൺസിലർമാർ നഗരസഭാ ഓഫീസിൽ തമ്മിൽത്തല്ലിയ സംഭവത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെതിരെ ഗൂഢാലോചന ആരോപണമുന്നയിച്ച് ചികിത്സയിൽ കഴിയുന്ന കൗൺസിലർ പ്രമീള ഗിരീഷ് കുമാർ. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജി മുണ്ടാട്ടിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയാണ് തന്നെ ആക്രമിച്ചതെന്ന് പ്രമീള പറഞ്ഞു.സി.പി.എമ്മിന്റെ ചട്ടുകമായി മാറി പ്രമീളയാണ് ആക്രമണം നടത്തിയതെന്ന് മുനിസിപ്പിൽ ചെയർമാൻ പി.പി. എൽദോസ് പ്രത്യാരോപണമുന്നയിച്ചു.
അജിയെ കേസിൽ പ്രതിചേർക്കണമെന്ന് ആശുപത്രിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രമീള ആവശ്യപ്പെട്ടു. അടച്ചിട്ട മുറിയിൽ തന്നെ ആക്രമിച്ച വൈസ് ചെയർപേഴ്സൺ സിനി ബിജു, കൗൺസിലർ ജോയ്സ് മേരി ആന്റണി എന്നിവർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. യാതൊരു ചികിത്സയും ആവശ്യമില്ലാതിരുന്നിട്ടും, അറസ്റ്റ് ഒഴിവാക്കാൻ ഇവരെ സ്വകാര്യ ആശുപത്രി അധികൃതർ അഡ്മിറ്റ് ചെയ്ത് സംരക്ഷിക്കുകയാണെന്ന് പ്രമീള ആരോപിച്ചു.
ഫോണിലൂടെയും വീട്ടിലെത്തിയും ഒരു വിഭാഗം കോൺഗ്രസ് കൗൺസിലർമാർ തനിക്കെതിരെ ഭീഷണി മുഴക്കിയിരുന്നു. ഈ സംഘത്തിലും ഇരുവരും ഉണ്ടായിരുന്നു. ഒന്നര വർഷമായി നഗരസഭാ ചെയർമാനും സ്ഥിരം സമിതി അദ്ധ്യക്ഷനും തന്നെ നിരന്തരം അപമാനിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുകയായിരുന്നു. ഏറ്റവും ഒടുവിൽ, ബി.ജ.പി പിന്തുണയോടെ വിജയിച്ച് യു.ഡി.എഫിന്റെ സഹായത്തോടെ ഉപസമിതി അദ്ധ്യക്ഷയായ കൗൺസിലർക്കെതിരെ അവിശ്വാസം പ്രമേയം കൊണ്ടുവന്നതാണ് ആക്രമണത്തിന് കാരണമായത്.
സംഭവ ദിവസം മുനിസിപ്പൽ ഓഫീസിലെ മുറിയിലിരുന്ന് അപേക്ഷ പൂരിപ്പിക്കുകയായിരുന്ന തന്നെ തന്ത്രത്തിൽ മുറിയിൽ അടച്ചിട്ട ശേഷം കൗൺസിലർമാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ജോയ്സ് മുഖത്തടിച്ചതോടെ നിലത്ത് വീണ തന്റെ നെഞ്ചിൽ കാൽമുട്ട് അമർത്തിയ ശേഷം ക്രൂരമായി മർദ്ദിച്ചു. മുടി മുറിക്കാനുളള ശ്രമം തടഞ്ഞപ്പോൾ കത്രിക ഉപയോഗിച്ച് നെഞ്ചിൽ കുത്തി. തടയാൻ ശ്രമിച്ചപ്പോഴാണ് കൈവിരലിന് മുറിവേറ്റത്. ഗൂഢാലോചന അന്വേഷിക്കണമെന്നും സംഭവത്തിന് ഉത്തരവാദികളായ മുഴുവൻ പേർക്കുമെതിരെ കേസെടുക്കണമെന്നും പ്രമീള അവശ്യപ്പെട്ടു. ദിവസങ്ങളായി ചികിത്സയിൽ കഴിയുന്ന തന്നെ ഇതുവരെ കോൺഗ്രസ് നേതാക്കളോ സഹപ്രവർത്തകരോ സന്ദർശിക്കാത്തത് ഗൂഢാലോചനയ്ക്ക് തെളിവാണന്നും അവർ പറഞ്ഞു.
പ്രമീള സി.പി.എമ്മിന്റെ ചട്ടുകമായി: ചെയർമാൻ
മൂവാറ്റുപുഴ: ഒന്നര വർഷമായി കോൺഗ്രസിലും യു.ഡി.എഫിലും വിമത പ്രവർത്തനം നടത്തി വരുന്ന പ്രമീള ഗിരീഷ് കുമാർ സി.പി.എമ്മിന്റെ ചട്ടുകമായി മാറിയെന്ന് നഗരസഭാ ചെയർമാൻ പി.പി. എൽദോസ്. സി.പി.എം. ഓഫീസിൽ നിന്ന് എഴുതിക്കൊടുക്കുന്ന ആരോപണങ്ങളാണ് ഇവർ ഓരോ ദിവസവും ഉന്നയിക്കുന്നത്. സിനി ബിജുവിനെയും ജോയ്സ് മേരി ആന്റണിയെയും കൈയേറ്റം ചെയ്തതിന് പിന്നാലെ കള്ളക്കഥകൾ ചമഞ്ഞ് കൂടുതൽ യു.ഡി.എഫ് കൗൺസിലർമാരെ കേസിൽ കുടുക്കാനുള്ള നീക്കമാണ് നടത്തുന്നത്. നഗരഭരണം അട്ടിമറിക്കുന്നതിന് സി.പി.എം നടത്തുന്ന നീക്കങ്ങളാണ് പുതിയ ആരോപണങ്ങൾക്ക് പിന്നിൽ.
നഗരസഭാ ഓഫീസിൽ പ്രമീളയെ ആരും ആക്രമിച്ചിട്ടില്ല. അവരാണ് അതിക്രമം നടത്തിയത്. സംഭവ ദിവസം യു.ഡി.എഫിന്റെ ഭൂരിപക്ഷം കൗൺസിലർമാരും ഓഫീസിൽ ഉണ്ടായിരുന്നില്ല. പതിവിനു വിപരീതമായി ഒട്ടുമിക്ക ഇടത് കൗൺസിലർമാരും സി.പി.എം മുഖപത്രത്തിന്റെ ലേഖകനും ഒത്തുചേർന്നിരുന്നു. ആക്രമണ നാടകത്തിന് പിന്നാലെ പ്രമീളയെ ആശുപത്രിയിൽ എത്തിച്ചതും ഉടനടി മാധ്യമങ്ങൾക്ക് വിവരം നൽകിയതും ഇവരാണ്. ഇതിൽനിന്നുതന്നെ ഗൂഢാലോചന വ്യക്തമാണ്.
കൈയേറ്റത്തിന് ഇരയായ സിനിയെയും ജോയ്സിയെയും ആശുപത്രിയിൽ എത്തിച്ചതിന്റെ വിരോധമാണ് അജി മുണ്ടാട്ടിനെതിരെ ആരോപണം ഉന്നയിക്കുന്നതിന് പിന്നിൽ. കൗൺസിലിന്റെ തുടക്കം മുതൽ അജിയെ സി.പി.എം വേട്ടയാടുകയാണ്.
യു.ഡി.എഫ്. കൗൺസിലിന് എതിരായ സമീപനമാണ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച പ്രമീള ഗിരീഷ് കുമാർ സ്വീകരിച്ചുവരുന്നത്. വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ വോട്ട് അസാധുവാക്കുകയും ഉപസമിതി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ വിട്ടുനിൽക്കുകയും ചെയ്തു. നിർണായക അജണ്ടകൾ പോലും പ്രതിപക്ഷത്ത് ഒപ്പംചേർന്ന് എതിർത്തു. ഇവർ ഇപ്പോഴും കോൺഗ്രസുകാരി എന്ന അവകാശവാദമാണ് ഉയർത്തുന്നത്. അങ്ങനെയെങ്കിൽ വരുന്ന ഉപസമിതി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമോയെന്ന് വ്യക്തമാക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു. കൂടുതൽ യു.ഡി.എഫ്. കൗൺസിലർമാരെ കള്ളക്കേസിൽ കുടുക്കാനുള്ളനീക്കം അനുവദിക്കില്ലെന്നും ചെയർമാൻ വ്യക്തമാക്കി.